കാരുണ്യത്തിന്റെ കൈനീട്ടം തേടി വിദ്യാര്‍ഥികള്‍

Posted on: 04 Feb 2012





കോഴിക്കോട്: രോഗം മൂലം അവശതയനുഭവിക്കുന്ന കുട്ടികള്‍ക്കായി സാമൂഹികക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹികസുരക്ഷാമിഷന്‍ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ നഗരത്തില്‍ ഫണ്ട് സമാഹരണം നടത്തി. നഗരത്തിലെ വിവിധ കോളേജുകളിലെ 516-ഓളം വിദ്യാര്‍ഥികള്‍ 104 ടീമുകളായി തിരിഞ്ഞാണ് ഈ കാരുണ്യപ്രവൃത്തിയില്‍ പങ്കെടുത്തത്. സാമൂഹികസുരക്ഷാമിഷന്‍ പുറത്തിറക്കിയ 100, 50, 10 രൂപ നിരക്കുകളിലുള്ള സ്റ്റാമ്പുകള്‍ വിതരണം ചെയ്താണ് ഫണ്ട് സമാഹരണം നടത്തിയത്.

പതിനെട്ട് വയസ്സിന് താഴെയുള്ള കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് പൂര്‍ണ സൗജന്യചികിത്സ നല്‍കുന്ന 'കാന്‍സര്‍ സുരക്ഷ', പതിനെട്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ വിവിധ രോഗങ്ങള്‍ക്ക് സര്‍ജറി അടക്കമുള്ള ചികിത്സ സൗജന്യമായി നല്‍കുന്ന 'താലോലം' ബധിരരും മൂകരുമായ കുട്ടികള്‍ക്ക് ശസ്ത്രക്രിയ സൗജന്യമായി ചെയ്തുകൊടുക്കുന്ന 'കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍', കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള പ്രതിമാസ പെന്‍ഷന്‍ പദ്ധതിയായ സാന്ത്വനസ്​പര്‍ശം, അവിവാഹിതരായ അമ്മമാര്‍ക്ക് സഹായധനം നല്‍കുന്ന 'സ്‌നേഹസ്​പര്‍ശം, സര്‍ക്കാര്‍ ആസ്​പത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഉച്ചഭക്ഷണം നല്‍കുന്ന 'ഹങ്കര്‍ ഫ്രീ സിറ്റി', കൂടാതെ 'വയോമിത്രം', 'ആശ്വാസകിരണം', 'അന്നദായിനി', എന്നീ പദ്ധതികള്‍ക്കും വേണ്ടിയാണ് ധനസമാഹരണം നടത്താന്‍ ഈ ഉദ്യമത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് സാമൂഹിക സുരക്ഷാമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ടി.പി. അഷ്‌റഫ് പറഞ്ഞു. കാസര്‍കോട് മുതല്‍ മലപ്പുറം വരെയുള്ള ഏഴ് നഗരങ്ങളില്‍ ആണ് വെള്ളിയാഴ്ച ഫണ്ട് സമാഹരണം നടന്നത്.

കോളേജുകളിലെ സി.എസ്.എസ്സിന്റെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ ഈ പ്രവൃത്തിയില്‍ പങ്കുചേര്‍ന്നത്. വിദ്യാര്‍ഥികളുടെ ഉത്സാഹം ഫണ്ട് സമാഹരണത്തിന് വേഗംകൂട്ടി. ഈ പദ്ധതികളിലേക്ക് സംഭാവന നല്‍കാനായി പേമെന്റ് ഗേറ്റ്‌വേ സംവിധാനവുമുണ്ട്. വികലാംഗര്‍ക്ക് തത്സമയം തിരിച്ചറിയല്‍ കാര്‍ഡ്, നിരാലംബര്‍ക്ക് പുരധിവാസം, കെയര്‍ ഹോം, നവീകരണവും നിര്‍മാണവും എന്നിവയ്ക്ക് വേണ്ട ഫണ്ടും സാമൂഹികസുരക്ഷാ മിഷന്റെ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
Tags:   Kozhikode District News. Kozhikode Local News. .  കോഴിക്കോട്‌. . Kerala. കേരളം

More News from Kozhikode