ശിക്ഷ എന്നർഥം വരുന്ന പൊയ്‌നെ (Poine) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് പെയ്ൻ എന്ന ഇംഗ്ലീഷ് പദമുണ്ടാകുന്നത്.  എന്നാൽ ഒരു ജീവിയെ സംബന്ധിച്ചിടത്തോളം വേദന (Pain) എന്നത് കേവലമായൊരു ശിക്ഷാനുഭവമല്ല. മറിച്ച് അതിജീവന സാധ്യതകളെ വിപുലമാക്കുന്ന അനുകൂലന സംവിധാനത്തിന്റെ (Adaptive Mechanism) വൈരുധ്യാത്മകമായ ഒരു പ്രകൃതിരഹസ്യം കൂടിയാണ്. 
 ശരീരത്തിന് പരിക്ക് പറ്റാനിടയുള്ള അവസരങ്ങളിലാണ് വേദനയുണ്ടാകുന്നത്.  കൂടുതൽ പരിക്കിൽ നിന്നും അപകടങ്ങളിൽനിന്നും ശരീരത്തെ സംരക്ഷിക്കുന്ന ഒരു സുരക്ഷാസംവിധാനമായാണ് വേദന ഇവിടെ പ്രവർത്തിക്കുന്നത്.      പരിക്ക് ഭേദമാകുമ്പോൾ വേദന അപ്രത്യക്ഷമാവുകയും ചെയ്യും.  എന്നാൽ പലപ്പോഴും ആളുകളിൽ പ്രത്യക്ഷമായ പരിക്കുകളുടെ അഭാവത്തിലും പരിക്കുകൾ പൂർണമായും ഭേദമായശേഷവും വേദന നിരന്തര സാന്നിധ്യമറിയിച്ചു കൊണ്ടിരിക്കുന്ന ചില സന്ദർഭങ്ങളുണ്ടാകും.  വേദന അതിന്റെ അക്ഷരാർഥത്തിൽ തന്നെ ശിക്ഷയും സഹനവുമാകുന്ന അവസ്ഥയാണിത്.
 
 നീറ്റ്‌ഷേയുടെ നായയും രൈരുനായരുടെ 
നെറ്റിവേദനയും
 
‘എന്റെ വേദനയ്ക്ക് ഞാനൊരു പേരു നൽകുന്നു. അതൊരു ‘നായ’യാണ്. മറ്റേതൊരു നായയെയുംപോലെ അതീവ വിശ്വസ്തനും ഒരു ശല്യമെന്നോണം നിരന്തരം എന്നെത്തന്നെ പിന്തുടരുന്നവനും ലജ്ജാലേശമില്ലാത്തവനും മഹാകൗശലക്കാരുനുമായ ഒരു നായ’ ദ ഗേ സയൻസ് (The gay science) എന്ന പുസ്തകത്തിൽ നീറ്റ്‌ഷേ കുറിച്ചിട്ട വരികളാണിത്.  ഈ വരികൾക്ക് നിരവധിയായ പാരായണ സാധ്യതകളുണ്ട്.  എന്നിരുന്നാലും നിത്യവും നിരന്തരവുമായ ശാഠ്യത്തോടെ വേട്ടയാടുന്ന വേദനയുടെ ഒരു ചിത്രം ഇവിടെ തെളിഞ്ഞു വരുന്നുണ്ട്.
വളരെ അങ്കലാപ്പോടെയും അല്പം മടിയോടെയുമാണ് രൈരുനായർ പരിശോധനാ മുറിയിലേക്കു കടന്നുവന്നത്.  വയനാട്ടിലെ ഒരു കൃഷിപ്പണിക്കാരനാണ്. കൃഷിപ്പണിക്കിടെ പതിനേഴു വർഷം മുമ്പ് ഒരു മരക്കഷണം നെറ്റിയിൽത്തറച്ച് മുറിവേൽക്കാനിടയായി. രണ്ടാഴ്ചകൊണ്ട് മുറിവ് പൂർണമായും ഭേദമായി.  നെറ്റി പഴയതുപോലെയായി. പക്ഷേ വേദന കുറഞ്ഞില്ല.  നിരവധി ഡോക്ടർമാരെക്കണ്ടു. പലവിധ പരിശോധനകൾ നടത്തി വേദനക്ക് പ്രത്യേകിച്ചൊരു കാരണവും കണ്ടെത്താൻ കഴിഞ്ഞില്ല. വേദന നിങ്ങളുടെ തോന്നലായിരിക്കുമെന്നും അതുകൊണ്ടുതന്നെ അതിലധികം ശ്രദ്ധിക്കാതെ മറ്റുകാര്യങ്ങളിലേർപ്പെടുകയാണ് വേണ്ടതെന്നും എല്ലാമുള്ള നിർദേശമൊന്നും ഉൾകൊള്ളാൻ രൈരു നായർക്കു കഴിയുന്നില്ല.  അങ്ങനെ ആശയക്കുഴപ്പത്തിലകപ്പെട്ട്, ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കണമെന്ന മറ്റൊരു ഡോക്ടറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ എത്തിപ്പെട്ടതാണ് രൈരുനായർ. ഈ വേദന അദ്ദേഹത്തിന്റെ ജീവിതത്തെ പൂർണമായി ബാധിച്ചിരിക്കുന്നു.  
ജോലിയും കുടുംബ ജീവിതവുമെല്ലാം അവതാളത്തിലായി. വിഷാദരോഗത്തിന്റെ ലക്ഷണങ്ങളും അമിതമായ ഉത്കണ്ഠയും കാണുന്നുണ്ട്.  വേദന കുറയ്ക്കാൻ വേണ്ടി സ്വയം കണ്ടെത്തിയ പുകയില മുറുക്കൽ ഒഴിവാക്കാൻ പറ്റാത്ത ഒരു ശീലമായിക്കഴിഞ്ഞിരിക്കുന്നു.  ജീവിതമവസാനിപ്പിക്കുന്നതിനെക്കുറിച്ചുപോലും ആലോചിച്ചു തുടങ്ങിയിരിക്കുന്നു.  വേദനയുടെ കാരണവും ചികിത്സയും കണ്ടെത്താനാകാതെ നിസ്സഹായനായിരിക്കുന്ന ഒരു പാവം മനുഷ്യൻ.  
സൊമാറ്റോഫോം പെയ്ൻ ഡിസോർഡർ എന്നു പേരിട്ട്‌ വിളിക്കാവുന്ന ഒരു രോഗാവസ്ഥയാണ് രൈരുനായുരുടേത്.  ബാഹ്യമായി കണ്ടെത്താവുന്ന കാരണങ്ങളൊന്നുമില്ലാത്ത വേദന.  അനുകൂലപരമായ ധർമങ്ങളൊന്നുമില്ലാത്ത വേദന.  ഒരനുഭവം എന്നതിനപ്പുറം കടന്ന് ഒരു രോഗാവസ്ഥയായി മാറുന്ന വേദന.  നിരന്തരം വേട്ടയാടുന്ന നീറ്റ്‌ഷേയുടെ നായ.  വേദനയുടെ ഈ അനുഭവമുള്ള നിരവധി നിസ്സഹായരായ മനുഷ്യരെ നമുക്കു കാണാൻ കഴിയും.  സഹനത്തിന്റെയും ആശയക്കുഴപ്പ ത്തിന്റെയും ചതുപ്പിൽപ്പെട്ടുപോയവർ.  (രോഗിയുടെ പേരും സ്ഥലവിവരങ്ങളും ആളെ തിരിച്ചറിയാതിരിക്കാൻ മാറ്റംവരുത്തിയാണ് എഴുതിയിരിക്കുന്നത്).
 മെൽസാക്കും വാളും 
വേദനയുടെ ഗേറ്റുകളും
 
വേദനയെക്കുറിച്ചുള്ള നമ്മുടെ സാമാന്യബോധത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരം പ്രത്യക്ഷത്തിൽ അകാരണമായ വേദനകളെ മനസ്സിലാക്കാൻ സാധിക്കുകയില്ല. നമുക്കു പരിക്കുപറ്റുമ്പോൾ ശരീരത്തിന്റെ ആ ഭാഗത്തുള്ള വേദനാനാഡികൾ (pain fibre) തലച്ചോറിലേക്ക് ആ സന്ദേശം കൈമാറുന്നതിന്റെ ഭാഗമായാണ് നമുക്ക് വേദന അനുഭവപ്പെടുന്നത് എന്നതാണ് സാമ്പ്രദായികമായ കാഴ്ചപ്പാട്.  മാത്രമല്ല വേദനയുടെ തീവ്രത പരിക്കിന്റെ തോതിനെ പൊതുവിൽ ആശ്രയിച്ചിരിക്കുന്നു എന്നും കരുതപ്പെട്ടിരുന്നു.
ന്യുറോശാസ്ത്രജ്ഞന്മാരായ റൊണാൾഡ് മെൽസാക്കും പാട്രിക്ക് വാളും 1965- ൽ വേദനയുടെ നാഡീശാസ്ത്രപരമായ ഉറവിടങ്ങളെപ്പറ്റി പുതിയൊരു കാഴ്ചപ്പാട് മുന്നോട്ടുവെച്ചു.  വേദനയെക്കുറിച്ചുള്ള ഒരു പുതിയ സിദ്ധാന്തമായി അത്‌കാലക്രമത്തിൽ രൂപപ്പെടുകയും ചെയ്തു.  
വേദനാസംവേദന സംവിധാനം തലച്ചോറിലും സുഷുമ്നാ നാഡിയിലുമെല്ലാം പരന്നു കിടക്കുന്നതായി അവർ കണ്ടെത്തി.  പരിക്കുപറ്റിയ ശരീരകലകളിൽനിന്ന് വേദനാനാഡികൾ ആ സന്ദേശം തലച്ചോറിലേക്കു കൈമാറുന്ന പ്രക്രിയയിൽ ചില നിയന്ത്രണ സംവിധാനങ്ങൾ അഥവാ ഗേറ്റുകൾ ഉണ്ടെന്ന് അവർ മനസ്സിലാക്കി.  
ഇത്തരം വേദനാ ഗേറ്റുകളിലൂടെ കടന്നുവേണം വേദനയുടെ നാഡീ സന്ദേശങ്ങൾക്ക് മസ്തിഷ്കത്തിലെത്താനും വേദനയുടെ അനുഭവം സാക്ഷാത്കരിക്കപ്പെടാനും.  ഈ ഗേറ്റുകളിലൂടെയുള്ള വേദനയുടെ പ്രസരണത്തെ സ്വാധീനിക്കാൻ കഴിയുന്ന നിരവധി ഘടകങ്ങളുണ്ട്.  ഈ ഘടകങ്ങളുടെ വിവിധ രീതിയിലുള്ള പരസ്പര പ്രവർത്തനം വേദനാനുഭവത്തിന്റെ തീവ്രതയെയും സ്വഭാവത്തെയും വലിയ രീതിയിൽ സ്വാധീനിക്കും.
വേദനയുടെ തീവ്രത, മറ്റു തരത്തിലുള്ള നാഡീസന്ദേശങ്ങളുടെ സാന്നിധ്യം എന്നിവ (ഉദാ: ചൂട്, സ്പർശം മുതലായവ) ഈ ഗേറ്റുകളെ സ്വാധീനിക്കുന്ന ചില ബാഹ്യഘടകങ്ങളാണ്.  ചൂടുവെയ്ക്കുമ്പോഴും തടവുമ്പോഴും വേദന കുറയുന്നത് അവ വേദനയുടെ ഈ ന്യൂറൽ ഗേറ്റുകളെ അടച്ചിടുന്നതുകൊണ്ടുകൂടിയാണ്.  കൂടാതെ തലച്ചോറിൽ നിന്നുള്ള നാഡീ സന്ദേശങ്ങൾക്കും ഈ ഗേറ്റുകളെ നിയന്ത്രിക്കാൻ കഴിയും. അതുകൊണ്ടു തന്നെ വേദനയുടെ യഥാർഥ ഉറവിടം പലപ്പോഴും പരിക്കുപറ്റിയ ശരീര ഭാഗങ്ങളാവണമെന്നില്ല.  തലച്ചോറുവരെ വ്യാപിച്ചു കിടക്കുന്ന വേദനാസംവിധാനത്തിന്റെ ഏതെങ്കിലുമൊരു ഘടകത്തിന്റെ താളപ്പിഴ വേദനയായി മാറുന്നു.
വേദനാനുഭവത്തെ സൃഷ്ടിക്കുന്നതിലും മാറ്റം വരുത്തുന്നതിലുമുള്ള മസ്തിഷ്കത്തിന്റെ പങ്ക്  തെളിയിക്കുന്ന പഠനങ്ങൾ പിന്നീട് പുറത്തു വന്നു.  ദീർഘകാല വേദന (chronic pain) യെക്കുറിച്ചും മാനസിക സമ്മർദം, വിഷാദം, ഉത്കണ്ഠ തുടങ്ങിയവ വേദനയെ എങ്ങനെയാണ് സ്വാധീനിക്കുന്നത് എന്നുമുള്ള പഠനങ്ങൾ ഈ വിഷയത്തിൽ കൂടുതൽ ഉൾക്കാഴ്ചകൾ കൊണ്ടുവന്നു.  ഈ പുതിയ അറിവുകളുടെ പശ്ചാത്തലത്തിൽ വേദനയുടെ നാഡീശാസ്ത്രവുമായി ബന്ധപ്പെട്ട് പാട്രിക് മെൽസാക്ക് മസ്തിഷ്ക കേന്ദ്രീകൃതമായൊരു സിദ്ധാന്തം ആവിഷ്കരിച്ചു.  ശരീരത്തിൽ വേദനയുടെ അനുഭവത്തെ നിർണയിക്കുന്ന ന്യൂറോണുകളുടെ ഒരു ശൃംഖല (Neural Network) ഉള്ളതായി മെൽസാക്ക് സിദ്ധാന്തിച്ചു.  അതിനെ ബോഡി-സെൽഫ്-ന്യൂറോമാട്രിക്സ് (body-self-neuromtarix) എന്നു വിളിച്ചു.  ഈ ന്യൂറോമാട്രിക്സ് സൃഷ്ടിക്കുന്ന നാഡീസന്ദേശങ്ങളുടെ ഒരു സവിശേഷ പാറ്റേൺ ആണ് വേദന എന്ന ശാരീരിക-മാനസിക അനുഭവത്തിന്റെ സമഗ്രത ഉത്‌പാദിപ്പിക്കുന്നത് എന്ന് മെൽസാക്ക് വാദിച്ചു.  
ആ സവിശേഷ ന്യൂറൽപാറ്റേണിനെ വേദനയുടെ നാഡീശാസ്ത്രപരമായ ഒരു കൈയ്യൊപ്പായി (Neurosignature) കണക്കാക്കാം.  എപ്പോഴൊക്കെ ഈ ന്യൂറൽ പാറ്റേൺ ശരീരത്തിൽ സൃഷ്ടക്കപ്പെടാനുള്ള സാഹചര്യങ്ങളുണ്ടാവുന്നുവോ, അപ്പോഴെല്ലാം ശരീരത്തിന് വേദനയുടെ അനുഭവമുണ്ടാകും.  അതു കൊണ്ടുതന്നെ ശരീരവേദനയ്ക്ക് സാമാന്യബോധത്തെ തൃപ്തിപ്പെടുത്തുന്ന ബാഹ്യകാരണങ്ങൾ ഉണ്ടായിക്കൊള്ളണമെന്ന് ഒരു നിർബന്ധവുമില്ല. അത്തരം വേദനകൾ അയുക്തികമോ അകാരണമോ അല്ല.  പലപ്പോഴും ഉചിതമായ ചികിത്സയ്ക്കു വഴങ്ങുന്നതു മായിരിക്കും.
മേല്പറഞ്ഞ സിദ്ധാന്തങ്ങളൊന്നും പൂർണമായ അർഥത്തിൽ വേദനയെ വിശദീകരിക്കാൻ പര്യാപ്തമാണെന്നു തോന്നുന്നില്ല.  ശാസ്ത്രം അതിന്റെ അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണ്.  അതേസമയം തന്നെ കുരുക്കുകൾ അഴിച്ചെടുക്കാൻ അസാധ്യമായ, ജീവശാസ്ത്രപരവും നരവംശശാസ്ത്രപരവും സാംസ്കാരികവുമായ മാനങ്ങളുള്ള പ്രഹേളികാസ്വഭാവമുള്ള ഒരു സമസ്യയായി വേദന എക്കാലത്തും തുടരുമെന്നു കരുതുന്ന ഒരു കാഴ്ചപ്പാടും വേദനയെക്കുറിച്ചുള്ള തത്ത്വചിന്താപദ്ധതികളിൽ (philosophy of pain) കാണാൻ കഴിയും.
                                       
കോഴിക്കോട് ഗവ. മെന്റൽ ഹെൽത്ത് 
സെന്ററിലെ സൈക്യാട്രിസ്റ്റാണ് ലേഖകൻ
Email: midhuncmc@gmail.com