കോഴിക്കോട്: നടക്കാവ് പണിക്കർ റോഡിൽ ക്രസെന്റ് മാൻസയിലെ പത്താംനിലയിലെ ‘ബി’ ഫ്ളാറ്റിലെത്തുമ്പോൾ നീലയിൽ വെള്ളപ്പൂക്കൾ പ്രിന്റ് ചെയ്ത ഷർട്ടും വരകളുമുള്ള വെള്ളമുണ്ടും ധരിച്ച് വയോധികനായി മലയാളത്തിന്റെ പുനത്തിൽ കുഞ്ഞബ്ദുള്ള ചക്രക്കസേരയിൽ കണ്ണടച്ച് മയങ്ങിയിരിക്കുകയായിരുന്നു. മസ്തിഷ്കാഘാതത്തെത്തുടർന്ന് കഴിഞ്ഞവർഷം നഷ്ടമായ ശരീരത്തിന്റെ തുലനാവസ്ഥയ്ക്കൊപ്പം കഴിഞ്ഞദിവസം ചെവിയിലേറ്റ അണുബാധകൂടിയായതോടെ മരുന്നുകളുടെ ശക്തി താങ്ങാനാവാതെ ഉറക്കം ആ കണ്ണുകളെ ഇടയ്ക്കിടെ കീഴടക്കിക്കൊണ്ടിരുന്നു. പ്രതീക്ഷിച്ചതിലും പത്ത് മിനുറ്റ് നേരത്തേയാണ് ആ ഫ്ളാറ്റിലേക്ക് വിശിഷ്ടാതിഥിയെത്തിയത്. ‘ഉപ്പാ ഇതാരാ വന്നതെന്ന് നോക്ക്’ എന്ന്‌ മകൻ നവാബ് പറഞ്ഞപ്പോൾ പാതിമയക്കത്തിൽനിന്ന്‌ കൺതുറന്ന് കുഞ്ഞബ്ദുള്ള നോക്കി. മങ്ങലിലൂടെ ആത്മസുഹൃത്തിനെ കണ്ടപ്പോൾ ചോദിച്ചു: ‘ഡാ...നീയെന്താടാ വന്നത് ?’  ‘നിനക്ക് കാശ് തരാൻ വന്നതാടാ..വലിയൊരു അവാർഡ് ഇന്ന് നിനക്ക് തരാനുണ്ട്’ എന്ന് പറഞ്ഞ് അതിഥി ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി.
മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയും മയ്യഴിയുടെ കഥാകാരൻ എം. മുകുന്ദനും തമ്മിലുള്ള സമാഗമമാണ് സൗഹൃദത്തിന്റെയും ആത്മബന്ധത്തിന്റെയും നേർക്കാഴ്ചയൊരുക്കിയത്. കുഞ്ഞബ്ദുള്ളയെ വീട്ടുതടങ്കലിലിട്ടെന്ന പ്രചാരണത്തെത്തുടർന്ന് കഴിഞ്ഞവർഷം എം. മുകുന്ദൻ ഫ്ളാറ്റിലെത്തിയിരുന്നു.  ‘നിനക്ക് അവാർഡ് കിട്ടിയിട്ടുണ്ട്. അത് പറയാൻ വന്നതാണ്’ എന്നായിരുന്നു അന്ന് പറഞ്ഞത്. അതുകൊണ്ടുതന്നെ ഒരുവർഷംകഴിഞ്ഞ് വീണ്ടുമൊരു വേനൽക്കാലത്ത് പറഞ്ഞതുപോലെ പ്രിയസുഹൃത്തിന് അവാർഡ് നൽകാൻ മുകുന്ദൻ തിങ്കളാഴ്ച എത്തിച്ചേർന്ന മുഹൂർത്തത്തിന് നാടകീയതയുടെ ഭംഗിയുമുണ്ടായിരുന്നു. സി.വി. കുഞ്ഞുരാമൻ സാഹിത്യപുരസ്കാരം പുനത്തിലിന് സമ്മാനിക്കാനായിരുന്നു ഇത്തവണ സി.വി.കെ. ഫൗണ്ടേഷൻ ചെയർമാൻകൂടിയായ മുകുന്ദന്റെ സന്ദർശനം.
പുനത്തിലിന്റെ മക്കളായ നാസിമയും നവാബും മരുമക്കളായ ജലീലും ബിന്ദുവുമെല്ലാം ക്രസെന്റ് മാൻസയിലെ 10 ബി ഫ്ളാറ്റിൽ നേരത്തേ എത്തിയിരുന്നു. കുഞ്ഞിക്കയ്ക്കൊപ്പം നിഴലുപോലെനിന്ന് ഭക്ഷണമൊരുക്കി നൽകുന്ന ആന്റണിയും, കുടുംബസൃഹൃത്ത് ടി. രാജനും സി.വി.കെ.യുടെ പ്രപൗത്രൻ ഹാഷിംരാജനുമെല്ലാം കുഞ്ഞിക്ക അവാർഡ് ഏറ്റുവാങ്ങുന്ന ചടങ്ങിന് സാക്ഷികളായി.  എം. മുകുന്ദനെ ആദ്യകാഴ്ചയിൽത്തന്നെ തിരിച്ചറിഞ്ഞ കുഞ്ഞിക്കയ്ക്ക് പക്ഷെ ഹാഷിം രാജനെ മനസ്സിലാക്കാൻ ഏറെ സമയമെടുത്തു.  ‘കണ്ണ് തുറക്ക്, ഞങ്ങൾ എല്ലാം വന്നിട്ടും നീയിങ്ങനെ ഉറങ്ങല്ലെടാ’ എന്നുപറഞ്ഞ് എം. മുകുന്ദൻ കസേരയിലിരുന്ന് മയങ്ങുന്ന കുഞ്ഞിക്കയുടെ കൈപിടിച്ചു. പിന്നീട് മുകുന്ദന്റെ സംഭാഷണത്തിനിടയ്ക്ക് വലങ്കൈ പതിയെ ഉയർത്തി കണ്ണ് തിരുമ്മി വീണ്ടും മയക്കത്തിലേക്ക് വഴുതിവീണു. അതിനിടെ ഡോ. എം.കെ. മുനീർ എം.എൽ.എ.യും സ്ഥലത്തെത്തി.
 ‘ഇതെന്റെ ഏറ്റവുമടുത്ത ചങ്ങാതിയാണ്. ഇനിയും നിനക്ക് പുരസ്കാരങ്ങൾ കിട്ടും’ എന്നുപറഞ്ഞ് സുഹൃത്തിനെ കെട്ടിപ്പിടിച്ചുകൊണ്ട് എം. മുകുന്ദൻ ഫ്ളാറ്റിൽനിന്ന്‌ മടങ്ങുമ്പോഴും ചക്രക്കസേരയിലിരുന്ന് മുഖത്ത് പുഞ്ചിരിപടർത്തി പുനത്തിൽ മയക്കത്തിലേക്ക് വഴുതിവീണു.