പുതിയകാല സിനിമകളിൽ മലയാളിക്ക് സുപരിചിതമായ ഒരു മുഖമാണ് അഭിജ ശിവകലയുടേത്. ഒത്തിരി കഥാപാത്രങ്ങളൊന്നുമില്ല. പക്ഷേ ചെയ്ത കഥാപാത്രങ്ങളുടെയും സിനിമകളുടെയും തിരഞ്ഞെടുപ്പും അഭിനയമികവുമാണ് അഭിജയ്ക്ക് ആസ്വാദകർക്കിടയിൽ സ്വീകാര്യത നേടിക്കൊടുത്തത്. 
ഗൗരവം തൊട്ടെടുക്കാവുന്ന മുഖം, അതിനൊത്ത സംസാരം. നാടകത്തെക്കുറിച്ചാകുമ്പോൾ വാക്കുകളിൽ സന്തോഷവും സംതൃപ്തിയും നിഴലിക്കും. ഇടയ്ക്ക് സമൂഹത്തെക്കുറിച്ച്, സമീപകാലത്ത് സ്ത്രീകൾക്കെതിരെയുണ്ടായ അക്രമങ്ങളെക്കുറിച്ച്. 
  സംസാരത്തിന്റെ ഗതിമാറുന്നതിനൊപ്പം ഞൊടിയിടകൊണ്ട് ഭാവമാറ്റങ്ങൾ. തൃശ്ശൂരിൽ നടക്കുന്ന അന്താരാഷ്ട്ര നാട
കോത്സവത്തിൽ  (ഇറ്റ്‌ഫോക്ക്‌) ചിലിയൻ സഹകരണത്തിലൊരുങ്ങുന്ന തെരുവ് നാടകം സാരി റോസ (പിങ്ക് സാരി) യിലെ അഭിനേതാവാണ് അഭിജ. ഓഡിഷനിൽ പങ്കെടുത്താണ് ചിലിയിലെ ‘ലാ പാട്രിക്ക’ തെരുവ് നാടക സംഘം ഒരുക്കുന്ന നാടകത്തിന്റെ ഭാഗമായത്. 28 ന് വൈകീട്ട് 4ന് തേക്കിൻകാട് മൈതാനത്ത്‌​ നാടകം അവതരിപ്പിക്കും.

സാരി റോസ
സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് ഒരു യൂണിവേഴ്‌സൽ സ്വഭാവമുണ്ട്. സാരി റോസ സംസാരിക്കുന്നത് അതാണ്. ചിലിയൻ ആർട്ടിസ്റ്റുകളുമായി സംസാരിക്കുമ്പോൾ നമുക്കിവിടെ നേരിടേണ്ടിവരുന്ന പലതും മറ്റൊരു രീതിയിൽ അവിടെയും നിലനിൽക്കുന്നു എന്നറിയാൻ കഴിഞ്ഞു. ഇതിനെല്ലാം ഒരു മീറ്റിങ് പോയിന്റ് ഉണ്ടാകും. വ്യക്തമായി പറഞ്ഞാൽ ഈ പ്രശ്‌നങ്ങൾ കൂട്ടിമുട്ടുന്ന ഇടം. പ്രശ്‌നങ്ങളുടെ ആ ആഗോളീയത സാരി റോസ എന്ന നാടകം പ്രേക്ഷകനോട് സംവദിക്കുന്നു. 
സ്‌ക്രിപ്റ്റില്ലാതെയാണ് ഈ തെരുവു നാടകം ഒരുങ്ങുന്നത്. ഓരോ റിഹേഴ്‌സലിലും നാടകത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. ചിലിയൻ കലാകാരന്മാരും ഇതിലെ ആക്ടേഴ്‌സും ചേർന്ന് സംസാരിച്ച് ഓരോ തവണയും നാടകത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നു. ഒന്നിനേയും ആവശ്യത്തിൽക്കവിഞ്ഞ് മനോഹരമാക്കാൻ ശ്രമിച്ചിട്ടില്ല. മോശമായ വശങ്ങൾ അതുപോലെത്തന്നെ നാടകം അവതരിപ്പിക്കുന്നു.

നാടകത്തിന്റെ ഭാഷ
അണിയറപ്രവർത്തകർ ചിലിയിൽ നിന്നുള്ളവരാണെങ്കിലും നാടകം ഒരുങ്ങുന്നത് മലയാളത്തിലാണ്. പക്ഷേ ഭാഷയ്ക്ക് പ്രാധാന്യമുള്ള ഒരു നാടകമല്ലിത്. ശരീരഭാഷകൊണ്ടാണ് നാടകം ആസ്വാദകരോട് സംസാരിക്കുന്നത്. 
സംഭാഷണങ്ങളിൽ കുറച്ച് വാക്കുകൾ മലയാളത്തിൽ കഥാപാത്രങ്ങൾ പറഞ്ഞേക്കാം. പക്ഷേ നാടകത്തിന്റെ സംവേദനരീതി അല്ലെങ്കിൽ മാധ്യമം ശരീരഭാഷ തന്നെയാണ്. മലയാളം അറിയാം അല്ലെങ്കിൽ അറിയില്ല എന്നത് നാടകത്തിന്റെ ആസ്വാദനത്തെ ബാധിക്കില്ല. 
 മാറ്റം അവനവനിൽനിന്നും തുടങ്ങട്ടെ എന്ന ആശയത്തിലൂന്നിയാണ് ഞാൻ ഈ നാടകത്തെ സമീപിച്ചിരിക്കുന്നത്. നാടകത്തിലൂടെ ഞാനാണ് തിരിച്ചറിയപ്പെടുന്നത്. നമ്മളൊരു നാടകം ചെയ്ത് മറ്റൊരാൾ അതു കണ്ട് തിരുത്തപ്പെടട്ടെ എന്നതിനേക്കാൾ ഈ നാടകത്തിലൂടെ ഒരു സ്വയം പഠനത്തിന് സാധ്യത തിരയുകയാണ്.

സ്ത്രീകൾക്കുനേരേയുള്ള അക്രമങ്ങൾ

കഴിഞ്ഞ ദിവസം കൊച്ചിയിൽ സഹപ്രവർത്തകയ്ക്കു നേരേയുണ്ടായ അക്രമം ഞെട്ടലോടെയാണ് കേട്ടത്. ഇതിപ്പോൾ ആർക്കും എന്ത് വേണമെങ്കിലും സംഭവിക്കാമെന്ന സ്ഥിതിയാണ്. മോശമായ ഒരു കമന്റ് കേട്ടാൽ അതിനെ അവഗണിച്ച് മുന്നോട്ടുപോകണമെന്നാണ് പെൺകുട്ടികളെ പഠിപ്പിക്കുന്നത്. അതിനെ ചോദ്യം ചെയ്യുന്നത് വെറുതെ പ്രശ്‌നമുണ്ടാക്കലാണ്. ഈ സാഹചര്യമാണ്, ഇതെല്ലാം ചെയ്യാം, ചോദിക്കാൻ ആരുമില്ലെന്നുള്ള അവസ്ഥ ഉണ്ടാക്കിയത്.
കുറച്ചുകാലം ചർച്ച ചെയ്ത് സമൂഹം അത് വിട്ടുകളയും. സ്ത്രീകൾക്കുനേരേയുള്ള അതിക്രമങ്ങൾക്ക് ഇങ്ങനെയൊരു സ്വഭാവം വന്നുകഴിഞ്ഞു. അത് തിരുത്തപ്പെടണം.

ഇറ്റ്‌ഫോക്കിനെക്കുറിച്ച്
ഒരുപാട് ലോകോത്തര കലാകാരന്മാരെയും അവരുടെ നാടകങ്ങളെയും സ്‌ക്രീനിന്റെ മറയില്ലാതെ അടുത്ത് കാണാനും സംസാരിക്കാനും കഴിയുന്നു എന്നതുതന്നെയാണ് ഇറ്റ്‌ഫോക്കിന്റെ പ്രത്യേകത. ആ പ്രത്യേകത ആസ്വദിക്കുന്നു. അവരുമായി പറ്റാവുന്നിടത്തോളം സംസാരിക്കുന്നു. ആ കാഴ്ചകൾ അവരുടെ വ്യത്യസ്തമായ നാടകശീലങ്ങളെ സ്വീകരിക്കുന്നു.