വേളം: വേളം പഞ്ചായത്തിലെ ഉള്‍പ്രദേശങ്ങളെ ബന്ധിപ്പിപ്പിച്ച് കെ.എസ്.ആര്‍.ടി.സി. ബസ് അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു. വിനോദസഞ്ചാര കേന്ദ്രമായ പെരുവണ്ണാമൂഴിയില്‍നിന്ന് വടകരയിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ് അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ചങ്ങരോത്ത്, വേളം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് നിലവിലുള്ള പാലം ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുവഴി ബസ് സര്‍വീസ് തുടങ്ങാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കടിയങ്ങാട് പള്ളിയത്ത് പെരുവയല്‍ റോഡുകള്‍ പി.ഡബ്ല്യു.ഡി. ഏറ്റെടുത്ത് ഗതാഗതയോഗ്യമാക്കിയാല്‍ താലൂക്ക് ആസ്ഥാനമായ വടകരയിലേക്കും ലോകനാര്‍കാവ് പയംകുറ്റിമല എന്നിവിടങ്ങളിലേക്കും എളുപ്പത്തില്‍ എത്താന്‍ കഴിയും. ജനകീയം ജീപ്പുകളെയും ടാക്‌സി ഓട്ടോറിക്ഷകളെയുമാണ് നാട്ടുകാര്‍ ആശ്രയിക്കുന്നത്.

വാഹനം കിട്ടാതെ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. ഇതിന് ശാശ്വതപരിഹാരം വേണമെന്ന് സി.പി.ഐ. പെരുവയല്‍ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. പി. ഗവാസ് ഉദ്ഘാടനം ചെയ്തു. കെ.കെ. കുമാരന്‍. സി.പി. ബാബു എന്നിവര്‍ സംസാരിച്ചു.