വടകര: വള്ള്യാട് എല്‍.പി. സ്കൂളിലെ പാചകപ്പുരയില്‍ ഗ്യാസ് സിലിന്‍ഡറിന്റെ റെഗുലേറ്ററിനും ട്യൂബിനും തീപ്പിടിച്ചത് ഭീതി പരത്തി. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.
റെഗുലേറ്ററില്‍ തീ കണ്ടയുടന്‍ തന്നെ അണയ്ക്കാന്‍ സാധിച്ചതിനാല്‍ അപകടം ഒഴിവായി. എന്നാല്‍ ഗ്യാസ് ചോര്‍ച്ച വീണ്ടും ആശങ്ക ഉയര്‍ത്തി. തുടര്‍ന്ന് വടകരയില്‍ നിന്ന് അഗ്നിശമനസേന എത്തിയാണ് ചോര്‍ച്ച നിയന്ത്രിച്ചത്. ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി വെള്ളത്തില്‍വെച്ച് ഗ്യാസ് ഒഴിവാക്കുകയായിരുന്നു. വിദ്യാര്‍ഥികളെ പെട്ടെന്നുതന്നെ സ്കൂളില്‍നിന്ന് മാറ്റി. ഉച്ചയോടെ സ്കൂള്‍ വിടുകയും ചെയ്തു.
തിങ്കളാഴ്ചയാണ് ഇവിടെ പാചകത്തിന് ഗ്യാസ് സിലിന്‍ഡര്‍ എത്തിച്ചത്. ചൊവ്വാഴ്ച പാചകം തുടങ്ങിയപ്പോഴും പ്രശ്നമുണ്ടായിരുന്നില്ല. 10 മിനിറ്റിനു ശേഷമാണ് തീ കണ്ടത്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിന്‍ഡറും റെഗുലേറ്ററുമാണ് ഇവിടെ നല്‍കിയത്. എന്നാല്‍ സ്കൂളില്‍ ഉപയോഗിക്കുന്നതാകട്ടെ വാണിജ്യാവശ്യത്തിനുള്ള ഹൈപ്രഷര്‍ റെഗുലേറ്ററും സ്റ്റൗവുമാണ്. ചോര്‍ച്ചയുടെ കാരണം ഇതാണോ എന്ന് വ്യക്തമല്ല.