കോഴിക്കോട്: ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ നടക്കുന്ന മാതൃഭൂമി കാര്‍ഷികമേളയില്‍ കര്‍ഷകരുടെയും നബാര്‍ഡ് അധികൃതരുടെയും മുഖാമുഖം പരിപാടി ശ്രദ്ധേയമായി. തങ്ങളുടെ കാര്‍ഷികവിളകള്‍ക്ക് ന്യായമായ വിപണി സൗകര്യം ഉണ്ടാക്കണമെന്നായിരുന്നു പ്രധാന ആവശ്യം.

നബാര്‍ഡിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഫാര്‍മേഴ്‌സ് ക്ലബ്ബുകളുടെ ഫെഡറേഷന്‍ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. ക്ലബ്ബുകളുടെ പ്രവര്‍ത്തനം അവലോകനം ചെയ്യുകയും ഇനി എന്തൊക്കെ ചെയ്യണം എന്ന് ധാരണയുണ്ടാക്കുകയും ചെയ്തു. ഈ ചര്‍ച്ചയിലാണ് ജൈവ ഉത്പന്നങ്ങള്‍ക്കുള്‍പ്പെടെ വിപണിയില്ലാത്തതിന്റെ പ്രശ്‌നങ്ങള്‍ കര്‍ഷകര്‍ ശ്രദ്ധയില്‍പ്പെടുത്തിയത്. നബാര്‍ഡിന് ഇക്കാര്യത്തില്‍ നേരിട്ട് പങ്കുവഹിക്കാനാവാത്തതിനാല്‍ ഉത്പാദകരും വിപണിയും തമ്മിലുള്ള സഹകരണം ഉറപ്പാക്കാന്‍ ഇടപെടല്‍ നടത്താമെന്നും വ്യക്തമാക്കി.

നബാര്‍ഡ് ഡി.ജി.എം. ബി. നാഗേഷ്‌കുമാര്‍, എ.ജി.എം. (ഡിസ്ട്രിക്ട് ഡെവലപ്പ്‌മെന്റ്) ജെയിംസ് പി.ജോര്‍ജ്, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ഭുവന്‍ദാസ്, കൃഷിവകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ ഹീര നെട്ടൂര്‍, ഫെഡറേഷന്‍ പ്രസിഡന്റ് ഇ.എസ്. ജെയിംസ്, സെക്രട്ടറി ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

മാലിന്യപരിപാലനത്തെക്കുറിച്ചും എളുപ്പത്തില്‍ നടത്താവുന്ന മാലിന്യസംസ്‌കരണത്തെക്കുറിച്ചം വേങ്ങേരി നിറവിലെ ബാബു പറമ്പത്ത് ക്ലാസ്സെടുത്തു. പ്ലാസ്റ്റിക് മാലിന്യംപോലും എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാമെന്ന് അദ്ദേഹം വിശദമാക്കി.

തുടര്‍ന്ന് വീട്ടില്‍ നടത്താവുന്ന കൃഷിയെക്കുറിച്ച് നടന്ന സെമിനാറില്‍ ഹീര നെട്ടൂര്‍ ക്ലാസെടുത്തു. മണ്ണുസംരക്ഷണം, മണ്ണിന്റെ ഗുണം തിരിച്ചറിയല്‍, വീടുകളില്‍ എളുപ്പത്തില്‍ നടത്താവുന്ന കൃഷികള്‍, നടീല്‍ രീതികള്‍ തുടങ്ങിയവയെക്കുറിച്ച് അവര്‍ വിശദീകരിച്ചു.

ഔഷധസസ്യ കൃഷിയെക്കുറിച്ച് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ കെ. മഹേഷ് കുമാറും നാടന്‍ പശുപരിപാലനത്തെക്കുറിച്ച് വെറ്ററിനറി സര്‍ജന്‍ ഡോ. ജോബി ജോര്‍ജും ക്ലാസ്സെടുത്തു. ഗസല്‍രാവും അരങ്ങേറി.

13 മുതല്‍ 17 വരെയാണ് കാര്‍ഷിക മേള. 13-ന് കൃഷിവകുപ്പ് മുന്‍ ഡയറക്ടര്‍ ആര്‍. ഹേലിയാണ് മേള ഉദ്ഘാടനം ചെയ്തത്. കൃഷിയുമായി ബന്ധപ്പെട്ട വിജ്ഞാനപ്രദമായ വിവരങ്ങള്‍ ലഭിക്കുന്ന സ്റ്റാളുകള്‍ മേളയിലുണ്ട്. വിത്തുകള്‍, തൈകള്‍ തുടങ്ങിയവയുടെ വിപുല ശേഖരവുമുണ്ട്. ആവശ്യാനുസരണം ഉയരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാവുന്ന വൈദ്യുതാഘാതമേല്‍ക്കാത്തതരം ഈസി തോട്ടികള്‍ ഉള്‍പ്പെടെ കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനവും വില്പനയുമുണ്ട്.

ശനിയാഴ്ച കര്‍ഷക മുഖാമുഖവും ചെലവില്ലാത്ത ജൈവ കൃഷിയെക്കുറിച്ച് ഉണ്ണിഗോപാല്‍, പ്രകൃതി ജീവനത്തെക്കുറിച്ച് ഡോ. രാധാകൃഷ്ണന്‍ എന്നിവര്‍ നയിക്കുന്ന ക്ലാസ്സുകളുമുണ്ടാവും.