താമരശ്ശേരി: വനംവകുപ്പിന്റെ കാക്കവയലിലെ ജൈവവൈവിധ്യ ഉദ്യാനം അവഗണനയുടെ തുരുത്തായി മാറുന്നു. കാടും കാട്ടുചോലകളും കണ്ട് മനംകുളിര്‍ക്കാന്‍ സഞ്ചാരികള്‍ തേടിവരുന്ന വനപര്‍വം ഇപ്പോഴും വികസനം സ്വപ്‌നം കാണുകയാണ്. വഴുവഴുപ്പുള്ള പാറകളും പുഴയുമുള്ള ഈ ഉദ്യാനത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് വേണ്ടവിധത്തിലുള്ള സുരക്ഷാക്രമീകരണങ്ങള്‍ പോലും ഇനിയും ഏര്‍പ്പെടുത്തിയിട്ടില്ല.

പുഴയിലെ കുഴിയില്‍മുങ്ങി രണ്ട് കുട്ടികള്‍ മരിച്ചതിനെത്തുടര്‍ന്ന് എട്ട് മാസമായി ഉദ്യാനം അടച്ചിട്ടിരിക്കുകയാണ്. സഞ്ചാരികളെ ഇതിനകത്തേക്കുപ്രവേശിപ്പിക്കുന്നില്ല. കഴിഞ്ഞ മേയ് പതിനാലിനായിരുന്നു വനപര്‍വത്തിലെത്തിയ സംഘത്തിലെ രണ്ട് കുട്ടികള്‍ പുഴയിലെ പാറക്കെട്ടിലുള്ള കുഴിയില്‍ മുങ്ങിമരിച്ചത്. ഇതേത്തുടര്‍ന്ന് ഉദ്യാനത്തില്‍ വേണ്ടത്ര സുരക്ഷയില്ലെന്ന് പറഞ്ഞ് നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിയത്. സുരക്ഷാക്രമീകരണങ്ങളേര്‍പ്പെടുത്തി ഉദ്യാനം വീണ്ടും തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ മാസങ്ങള്‍ പിന്നിട്ടിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ല.
 
പഠനയാത്രകളുടെയും വിനോദസഞ്ചാരത്തിന്റെയും സീസണ്‍ മുന്നിലെത്തി നില്‍ക്കുമ്പോഴാണ് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ വനപര്‍വം അടഞ്ഞുകിടക്കുന്നത്. വനംവകുപ്പിന് കീഴിലുള്ള വനം സംരക്ഷണസമിതിയാണ് ഉദ്യാനത്തിന്റെ നടത്തിപ്പുകാര്‍. മാസം തോറും മുക്കാല്‍ ലക്ഷത്തില്‍പരം രൂപയുടെ വരുമാനം സഞ്ചാരികളുടെ ടിക്കറ്റ് ഇനത്തില്‍ സമിതിക്ക് ലഭിച്ചുവന്നതാണ്.

2011 ഫെബ്രുവരിയിലാണ് വനപര്‍വം സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുന്നത്. കാട്ടുമരങ്ങളും ചെങ്കുത്തായ മലയും പുഴയും മുളങ്കാടുകളും നിറഞ്ഞ 250 ഏക്കര്‍ വനഭൂമിയാണ് ജൈവവൈവിധ്യ ഉദ്യാനമായി മാറിയത്. കാട്ടിലെ ജൈവവൈവിധ്യങ്ങളെ സംരക്ഷിച്ചുനിര്‍ത്തുകയും അത് പുതുതലമുറയ്ക്ക് കണ്ടും കേട്ടും അനുഭവവേദ്യമാക്കുകയും ചെയ്യുകയായിരുന്നു ലക്ഷ്യം. ഉദ്യാനത്തിലേക്ക് പ്രവേശിക്കുന്നിടത്ത് പുഴയ്ക്ക് ചെറിയ പാലം നിര്‍മിച്ചും സഞ്ചാരികള്‍ക്ക് കാടുകണ്ട് നടക്കാന്‍ കരിങ്കല്‍പാകിയ പാതകള്‍ നിര്‍മിച്ചും മലയുടെ മുകളിലെ വ്യൂപോയന്റില്‍ പുഴവക്കത്ത് സുരക്ഷാവേലിനിര്‍മിച്ചുമാണ് വനപര്‍വം തുടക്കത്തില്‍ സഞ്ചാരികളെ വരവേറ്റത്. ഓലമേഞ്ഞ ചില ഷെഡുകളും ഇരിപ്പിടങ്ങളുമുണ്ടായിരുന്നു.

വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അതില്‍നിന്നും വലിയ മാറ്റമൊന്നും വനപര്‍വത്തിന് ഇന്നുമുണ്ടായിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒരു ഇന്റര്‍പ്രട്ടേഷന്‍ സെന്റര്‍ നിര്‍മിച്ചതുമാത്രമാണ് അധികമായി എടുത്തുപറയാനുള്ളത്. മലമുകളില്‍ വ്യൂപോയന്റിലെ പുഴയ്ക്കുകുറുകെ തൂക്കുപാലം നിര്‍മിക്കുകയെന്നത് തുടക്കത്തിലേ പദ്ധതിയിലുള്ളതായിരുന്നു. അതിന് ഇതുവരെ നടപടിയായിട്ടില്ല. പുഴകടക്കാന്‍ പാലമുണ്ടെങ്കിലേ അക്കരയെത്തി മുളങ്കാടുകള്‍ക്കിടയില്‍ നിര്‍മിച്ച നടപ്പാതകളിലൂടെ സഞ്ചാരികള്‍ക്ക് നടക്കാനാകൂ. വനപര്‍വത്തിലൂടെയുള്ള യാത്ര പൂര്‍ത്തിയാകാന്‍ ഇതുവേണം. ഇപ്പോള്‍ പുഴക്കരയിലെത്തി യാത്രികര്‍ മടങ്ങുകയാണ്.

പ്രകൃതി പഠനക്യാമ്പിനെത്തുന്നവര്‍ക്ക് താമസസൗകര്യമൊരുക്കുന്ന പദ്ധതിയാണ് നടക്കാനുള്ള മറ്റൊന്ന്. ഒട്ടേറെ സ്ഥാപനങ്ങളില്‍നിന്നും വിദ്യാര്‍ഥികളും പ്രകൃതിനിരീക്ഷകരും ഇവിടെ ക്യാമ്പിനെത്തുന്നുണ്ട്. ഒറ്റദിവസത്തെ ക്യാമ്പാണ് ഇപ്പോള്‍ വനംവകുപ്പ് അനുവദിക്കുന്നത്. ഒന്നിലധികം ദിവസത്തെ ക്യാമ്പിന് ഇവിടെ സൗകര്യമുണ്ടെന്ന് വനംവകുപ്പധികൃതര്‍തന്നെ പറയുന്നു. പക്ഷേ, വിദ്യാര്‍ഥികള്‍ക്ക് താമസസൗകര്യമൊരുക്കാത്തതാണ് പ്രശ്‌നം.


       സുരക്ഷാവേലി നിര്‍മിക്കും; പാര്‍ക്ക് ഉടന്‍ തുറക്കും

 ''വനപര്‍വത്തില്‍ സുരക്ഷാവേലി നിര്‍മിക്കാന്‍ പദ്ധതിക്ക് ടെന്‍ഡറായിട്ടുണ്ട്. സഞ്ചാരികള്‍ പുഴയിലേക്കിറങ്ങുന്നിടത്ത് നടപ്പാതയില്‍ 125 മീറ്റര്‍ നീളത്തില്‍ സുരക്ഷാവേലി നിര്‍മിക്കാനാണ് പദ്ധതി. ഇതിന്റെ പ്രവൃത്തി ഉടന്‍ തുടങ്ങും. പൂര്‍ത്തിയായാലുടന്‍ പാര്‍ക്ക് സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും''.

 
- കെ.കെ. സുനില്‍കുമാര്‍, ഡിവിഷണല്‍ വനം ഓഫീസര്‍