ഒഞ്ചിയം: മരങ്ങള്‍ മുഴുവന്‍ ഭൂമിയില്‍നിന്ന് പിഴുതെടുത്ത് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കെട്ടിപ്പടുക്കുന്നകാലത്ത് തങ്ങളുടെ വാസസ്ഥലത്ത് കിട്ടാവുന്നത്ര വ്യത്യസ്തമായ മരങ്ങളും ചെടികളും വെച്ചുപിടിപ്പിച്ച് വൃദ്ധദമ്പതികള്‍ മാതൃകയാവുന്നു.

വടകര താലൂക്കില്‍ ചോറോട് പഞ്ചായത്തിലെ മുട്ടുങ്ങലില്‍ രയരോത്ത് സുഭാഷ് ചന്ദ്രബോസ് (72), ഭാര്യ ഇന്ദിര (66) എന്നിവരാണ് ഈ ദമ്പതികള്‍. മരങ്ങളുടെ പറുദീസയായ ഭൂട്ടാനില്‍ നാലു വര്‍ഷത്തെയും ഡല്‍ഹിയിലെ ഏറെക്കാലത്തെയും ജീവിതമായിരിക്കാം ചന്ദ്രബോസിനെ വനം എന്ന ആശയം മനസ്സിലെത്തിച്ചത്. നാദാപുരം റോഡ് ആത്മവിദ്യാസംഘം സ്‌കൂളില്‍ അധ്യാപികയായിരുന്നു ഇന്ദിര. സാധാരണ കണ്ടുവരാറുള്ള മരങ്ങള്‍ കൂടാതെ ഊത്, കാര്‍ണികാരം, കായാബൂ, പൈന്‍ തുടങ്ങിയ വ്യത്യസ്തങ്ങളായ മരങ്ങളും നാഗവള്ളി, പൂവരശ്, വയ്യംഗത, ദന്തപ്പാല തുടങ്ങിയ നൂറില്‍പരം ഔഷധചെടികളും ഇവരുടെ ശേഖരത്തിലുണ്ട്. ആപ്പിള്‍, ലിച്ചി, മിറാക്കിള്‍ ഫ്രൂട്ട്, ഡ്രാഗന്‍ ഫ്രൂട്ട്, ബിരിയാണി ലംബ തുടങ്ങിയ ഫലവൃക്ഷങ്ങളും കുറവല്ല.

വരുംതലമുറയ്ക്ക് പരിചയപ്പെടുത്താന്‍ വല്ലതും കരുതി വെക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം. പണം വരികയും പോവുകയും ചെയ്യും, ജൈവവൈവിധ്യങ്ങള്‍ എക്കാലവും കാത്തു സൂക്ഷിക്കുക മനുഷ്യരുടെ കടമയാണെന്നാണ് ഇവരുടെ അഭിപ്രായം. വന്‍മരങ്ങള്‍ വെട്ടിനശിപ്പിക്കുന്നത് നാശത്തിന്റെ തുടക്കമാണെന്നാണിവരുടെ അഭിപ്രായം.

കൗതുകമായി കട്‌ല, രോഹ, മുഗള്‍, ഷാര്‍ക്ക് തുടങ്ങിയ മത്സ്യങ്ങളും വളര്‍ത്തുന്നുണ്ട്. ജെ.സി. ബോസ് ജൈവ പച്ചക്കറി കൂട്ടായ്മയിലെ അംഗം കൂടിയാണ്. വ്യത്യസ്തയിനം മരങ്ങളും ചെടികളും സസ്യങ്ങളുടെയും സാമ്പിളുകള്‍ ശേഖരിക്കാനുള്ള അന്വേഷണത്തിലാണ് ഈ വൃദ്ധദമ്പതികള്‍.