ആരാമ്പ്രം-കാഞ്ഞിരമുക്ക് റോഡിന്റെ ടാറിങ് നിര്‍ത്തിവെച്ചത് യാത്രക്കാര്‍ക്ക് ദുരിതമാവുന്നു

Posted on: 29 Jan 2012



പന്നൂര്‍: ആരാമ്പ്രം കാഞ്ഞിരമുക്ക് റോഡിന്റെ ടാറിങ് പ്രവൃത്തികള്‍ നിര്‍ത്തിവെച്ചത് യാത്രക്കാര്‍ക്ക് ദുരിതമാവുന്നു. ജില്ലാപഞ്ചായത്തിന്റെ അധീനതയിലായിരുന്ന റോഡ് പൊട്ടിപൊളിഞ്ഞും മഴക്കാലത്ത് വെള്ളം കെട്ടികിടന്നും യാത്ര ദുഷ്‌കരമായതോടെയാണ് റോഡ് അറ്റകുറ്റപണികള്‍ ആരംഭിച്ചത്.

പി.ടി.എ.റഹീം എം.എല്‍.എയുടെ ശ്രമഫലമായി 85 ലക്ഷം രൂപയും വി.എം.ഉമ്മര്‍ മാസ്റ്റര്‍ എം.എല്‍.എയുടെ ശ്രമഫലമായി 45 ലക്ഷം രൂപയും ഇതിന്നായി അനുവധിച്ചിട്ടുണ്ട്. എന്നാല്‍ ആരാമ്പ്രം മുതല്‍ കച്ചേരിമുക്ക് വരെ ടാറിങ് നടത്തിയ ശേഷം കരാറുകാരന്‍ സ്ഥലം വിടുകയായിരുന്നു. സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള റോഡ് ടാര്‍ ചെയ്തത് സംബന്ധിച്ച് പ്രദേശവാസികള്‍ നല്‍കിയ പരാതിയാണത്രെ ഇതിന് കാരണം. പൂനൂര്‍ ഭാഗത്ത് നിന്നും ദേശീയപാതയിലെ ഗതാഗതക്കുരുക്കില്‍ അകപ്പെടാതെ കോഴിക്കോട്ടേക്കും മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലേക്കും എത്തിച്ചേരാനുള്ള എളുപ്പ വഴിയാണ് ഈ റോഡ്. പൊട്ടിപൊളിഞ്ഞ് ഗതാഗതം ദുസ്സഹമായത് യാത്രക്കാര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഏഴര കിലോമീറ്റര്‍ വരുന്ന റോഡ് ഏറ്റവും കൂടുതല്‍ തകര്‍ന്ന പ്രദേശങ്ങളാണ് ടാറിങ് നടത്താതെ ബാക്കിവെച്ചിരിക്കുന്നത്.

പന്നുര്‍ അങ്ങാടി മുതല്‍ ശറഫിയ്യ സെന്റര്‍ വരെയും കണ്ണിപൊയില്‍, മറിവീട്ടില്‍താഴം ഭാഗങ്ങളിലും ഉണ്ടായിരുന്ന വെള്ളക്കെട്ട് മാറ്റാനായി റോഡില്‍ നിറച്ച മണ്ണ് വേനല്‍ക്കാലമായതോടെ പൊടിശല്യത്തിന് കാരണമാവുകയും ചെയ്യുന്നു. ശറഫിയ്യ ഇഗ്ലീഷ് സ്‌കൂള്‍, പള്ളിദര്‍സ് എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പൊടിശല്യം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കോഴിക്കോട് ആസ്ഥാനമായുള്ള കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നതെന്നും സാമ്പത്തിക പ്രതിസന്ധിയാണ് ജോലി നിര്‍ത്തിവെക്കാനുള്ള കാരണമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറഞ്ഞു. കമ്പനിയില്‍ നിന്നും ജോലി ഏറ്റെടുത്ത കരാറുകാരന്‍ സ്വന്തം ഇഷ്ടപ്രകാരം സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള റോഡ് ടാറിങ് നിര്‍വഹിക്കുകയായിരുന്നുവത്രെ. ഇതിന് കമ്പനിയില്‍ നിന്നും വിശദീകരണം തേടിയതായും ഉദ്യോഗസ്ഥര്‍ പറയുന്നു. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിച്ച് റോഡ് പണി പുനരാരംഭിക്കണം.

വാര്‍ത്ത അയച്ചത്: സിദ്ദിഖ്‌

More Citizen News - Kozhikode