കങ്ങഴയില്‍ യു.ഡി.എഫിന് ഭരണം നഷ്ടപ്പെടാന്‍ സാധ്യത

Posted on: 23 Dec 2012കറുകച്ചാല്‍: പതിനഞ്ചംഗ കങ്ങഴ ഗ്രാമപ്പഞ്ചായത്തില്‍ മൂന്നു സ്വതന്ത്രരുടെ പിന്തുണയോടെ ഭരണത്തിലേറിയ യു.ഡി.എഫ്. പ്രതിസന്ധിയില്‍. പ്രസിഡന്റും വൈസ്​പ്രസിഡന്റും ഇല്ലാത്ത കങ്ങഴ ഗ്രാമപ്പഞ്ചായത്തില്‍ 28നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. മുന്‍ പ്രസിഡന്റായിരുന്ന കേരളാ കോണ്‍ഗ്രസ് (എം)ലെ രാജി സ്‌കറിയയും, വൈസ്​പ്രസിഡന്റായിരുന്ന കോണ്‍ഗ്രസിലെ ജോസ് കൊണ്ടോടിയും മുന്‍ ധാരണപ്രകാരം രാജിവച്ചതിനെ തുടര്‍ന്നാണ് 28ന് തിരഞ്ഞെടുപ്പ് നടക്കുക.

15 അംഗ ഗ്രാമപ്പഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) -4, കോണ്‍ഗ്രസ് (ഐ) -3, സി.പി.എം -3, സി.പി.ഐ -2. സ്വതന്ത്രര്‍ -3 എന്നിങ്ങനെയാണ് കക്ഷിനില. മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യു.ഡി.എഫിന് പ്രസിഡന്റ് സ്ഥാനവും, വൈസ്​പ്രസിഡന്റ് സ്ഥാനവും ലഭിച്ചിരുന്നത്. സ്വതന്ത്ര അംഗങ്ങളായ ജഗദമ്മ മുട്ടത്ത്, റഹീനാ എന്നിവരാണ് പിന്തുണ പിന്‍വലിച്ചതായി അറിയിച്ചത്. മറ്റൊരു സ്വതന്ത്ര അംഗമായ പി.സി. ശ്രീലത നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രസിഡന്റ് സ്ഥാനം വനിതയ്ക്ക് സംവരണം ചെയ്തിട്ടുള്ളതാണ്.

എല്‍.ഡി.എഫിന് വനിതാ അംഗങ്ങളില്ല. ഇതിനാല്‍ രണ്ട് സ്വതന്ത്രരില്‍ ആരെയെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് എല്‍.ഡി.എഫ്. നിര്‍ദേശിക്കുകയും ഒരു സ്വതന്ത്ര നിഷ്പക്ഷ നിലപാട് സ്വീകരിക്കുകയും ചെയ്താല്‍ 7-7 എന്ന നിലയിലാവും വോട്ടിങ് നടക്കുക. ഇതോടെ പ്രസിഡന്റ്, വൈസ്​പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിര്‍ണായകമാകാനാണ് സാധ്യത.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam