ളാലത്തുത്സവം: നഗരം ഉത്സവലഹരിയില്‍

Posted on: 23 Dec 2012



പാലാ: ളാലത്തുത്സവം നാലാം ദിവസം പിന്നിട്ടപ്പോഴേക്കും നഗരത്തെ ഉത്സവലഹരിയിലാക്കി. ശനിയാഴ്ച പ്രശസ്ത സംഗീതസംവിധായകന്‍ ടി.എസ്.രാധാകൃഷ്ണജി നയിച്ച ഭക്തിഗാനതരംഗിണി ക്ഷേത്രമതിലിനകത്ത് തടിച്ചുകൂടിയ ഉത്സവപ്രേമികളെ സംഗീതലഹരിയിലാക്കി.

ഞായറാഴ്ച വെള്ളാപ്പാട് വനദുര്‍ഗ്ഗാ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്തും സമൂഹപറയും നടക്കും. 5ന് ളാലത്തുനിന്ന് പുറപ്പെടുന്ന എഴുന്നള്ളത്തിന് ആസ്​പത്രി കവലയില്‍ സ്വീകരണം നല്‍കും. എഴുന്നള്ളത്ത് 6.30ന്‌വെള്ളാപ്പാട് ക്ഷേത്രത്തില്‍ എത്തിച്ചേരും. തിരിച്ചെഴുന്നള്ളത്തിന് രാമപുരം റോഡിലെ വ്യാപാരി വ്യവസായി ഓട്ടോത്തൊഴിലാളി സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ രാമപുരം കവലയില്‍ സ്വീകരണം നല്‍കും. മേളകലാശ്രേഷ്ഠന്‍ ചേന്ദമംഗലം ഉണ്ണിക്കൃഷ്ണനും 40ല്‍പ്പരം കലാകാരന്മാരും ഒരുക്കുന്ന ഇരുകോല്‍ പഞ്ചാരിമേളം നടക്കും. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ഉത്സവബലി തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ്.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam