ബൈക്കിലെത്തിയ സംഘം പെട്രോള്‍പമ്പ് ജീവനക്കാരനെ ആക്രമിച്ചു

Posted on: 23 Dec 2012മുണ്ടക്കയം: അര്‍ധരാത്രിയില്‍ ബൈക്കിലെത്തിയ സംഘം പെട്രോള്‍പമ്പ് ജീവനക്കാരനെ ആക്രമിച്ചു.

മുണ്ടക്കയം ടൗണിലെ പൊട്ടംകുളം പമ്പ് ജീവനക്കാരനായ പാറത്തോട് ശ്രീവിലാസത്തില്‍ പി.ശ്രീകുമാറിനാണ്(45) മര്‍ദ്ദനമേറ്റത്. ഇയാള്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആസ്​പത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി 12നാണ് സംഭവം.

ബൈക്കിലെത്തിയ സംഘം പഞ്ചറായ ടയര്‍ നിറയ്ക്കാന്‍ ആവശ്യപ്പെട്ടു. ഈ സൗകര്യം ഇവിടെയില്ലെന്നുപറഞ്ഞപ്പോള്‍ ബൈക്ക് പമ്പില്‍ വയ്ക്കാന്‍ സൗകര്യം ആവശ്യപ്പെട്ടു. പമ്പ് ഉടമയുടെ അനുവാദമില്ലാതെ ബൈക്ക് വയ്ക്കാന്‍ പറ്റില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍ ശ്രീകുമാറിന് മര്‍ദ്ദനമേല്‍ക്കുകയായിരുന്നു.

സംഭവത്തിനിടയില്‍ പണമടങ്ങിയ ബാഗ് നഷ്ടമായതായി ശ്രീകുമാര്‍ പറഞ്ഞു. ബൈക്കിലും സ്‌കൂട്ടറിലുമായി എത്തിയവരില്‍ രണ്ടുപേര്‍ കൈകൊണ്ട് ശ്രീകുമാറിനെ അടിക്കുകയും പിടിച്ചുതള്ളുകയും ശ്രീകുമാര്‍ തിരിച്ച് അടിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യം പമ്പിലെ ക്യാമറയില്‍നിന്ന് ലഭിച്ചിട്ടുണ്ടെന്ന് മുണ്ടക്കയം എസ്.ഐ. എന്‍.പി.മുഹമ്മദ് ഖനീഫ പറഞ്ഞു.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam