കരിമീന്‍ കൃഷിയുടെ വിളവെടുത്തു; വിറ്റത് രണ്ടുലക്ഷത്തിന്റെ മത്സ്യം

Posted on: 23 Dec 2012വൈക്കം: കരിമീന്‍ കൃഷിയുടെ വിളവെടുപ്പ് ഉത്സവം ക്രിസ്മസ് വിപണിക്ക് ഉണര്‍വേകി. കരിമീന്‍ വാങ്ങാന്‍ എത്തിയവരുടെ തിരക്ക് കൃഷി നടത്തിപ്പുകാര്‍ക്ക് ആഹ്ലാദമായി. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി മത്സ്യഫെഡ് വഴി ഉദയനാപുരം ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി വികസന സഹകരണസംഘത്തിന്റെ മേല്‍നോട്ടത്തില്‍ പുലരി മത്സ്യകേരളം എസ്.എച്ച്.ഗ്രൂപ്പിലെ അംഗങ്ങളാണ് കൃഷി നടത്തിയത്.

വേമ്പനാട്ട് കായലിന്റെ തീരത്തായിരുന്നു കൃഷി. ആറുമാസത്തെ വളര്‍ച്ചയെത്തിയ കരിമീനാണ് ജീവനോടെ ആവശ്യക്കാര്‍ക്ക് നല്‍കിയത്. പുറം മാര്‍ക്കറ്റില്‍ 400ലധികം രൂപയാണ് വില. സംഘം 350 രൂപ നിരക്കിലാണ് വില്പന നടത്തിയത്. 600 കിലോ കരിമീനാണ് വിറ്റഴിഞ്ഞത്. 2,10,000 രൂപ വിറ്റുവരവ് ലഭിച്ചതായി സംഘാംഗങ്ങള്‍ പറഞ്ഞു.

മത്സ്യഫെഡിന്റെ നേതൃത്വത്തില്‍ 5 ലക്ഷംരൂപ ചെലവില്‍ നടപ്പാക്കിയ പദ്ധതിയുടെ ഒന്നാംഘട്ട വിളവെടുപ്പാണ് നടന്നത്. വിളവെടുപ്പിന്റെ ഉദ്ഘാടനം മത്സ്യഫെഡ് ജില്ലാ മാനേജര്‍ എന്‍.രാംദാസ് നിര്‍വഹിച്ചു. അസിസ്റ്റന്റ് മാനേജര്‍ ജോണ്‍ ജേക്കബ്, സംഘം പ്രസിഡന്റ് രാധാ പവിത്രന്‍, സെക്രട്ടറി എ.വേലായുധന്‍, ബോര്‍ഡ് മെമ്പര്‍ പി.വി.പുരുഷോത്തമന്‍, എസ്.എച്ച്. ഗ്രൂപ്പ് അംഗങ്ങളായ പി.ബി.വിദ്യാധരന്‍, പി.പി.ജിനു, വി.എന്‍.രാജു, സംഘം കോ-ഓര്‍ഡിനേറ്റര്‍ ദിവ്യ, മത്സ്യത്തൊഴിലാളി(സി.ഐ.ടി.യു.) പഞ്ചായത്ത് സെക്രട്ടറി എ.പവിത്രന്‍ എന്നിവര്‍ പ്രസംഗിച്ചു. വിറ്റുവരവിന്റെ 10ശതമാനം മത്സ്യസംഘത്തിനും 90ശതമാനം എസ്.എച്ച്.ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് വേതനമായും ലഭിക്കും.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam