ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

Posted on: 23 Dec 2012പാലാ:കുടുംബകലഹത്തെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്ന കേസ്സില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു. രാമപുരം വളക്കാട്ടുക്കുന്ന് കോളനിയില്‍ കാവനാംകുടിയില്‍ രാജു (50) വാണ് അറസ്റ്റിലായത്. രാജുവിന്റെ ഭാര്യ സിസിലി (45) വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിനുശേഷം വാക്കത്തിയുമായി ഓടിയ രാജു നേരത്തെ ജോലി ചെയ്തിരുന്ന ഒരു വീട്ടിലെത്തി, താന്‍ ഭാര്യയെ വെട്ടിക്കൊന്നെന്നു പറയുകയായിരുന്നു. വീട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയും രാജുവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പിറവം മണീട് സ്വദേശികളാണ് രാജുവും സിസിലിയും. രാജു നേരത്തെ വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ്. 20 വര്‍ഷമായി രാജുവും സിസിലിയും ഒന്നിച്ചുതാമസിക്കുകയായിരുന്നു. ഇതിനിടയിന്‍ 6 വര്‍ഷംമുന്‍പ് ഇരുവരും പിണങ്ങി മാറിത്താമസിച്ചു. പിന്നീട് എട്ടുദിവസം മുന്‍പാണ് പിണക്കം തീര്‍ത്ത് ഇവര്‍ വളക്കാട്ടുക്കുന്ന് കോളനിയില്‍ താമസമാരംഭിച്ചത്.

നേരത്തെ രാജു ഉപദ്രവിച്ചുവെന്ന് പരാതിപ്പെട്ട് സിസിലി പോലീസില്‍ കേസ് കൊടുത്തിരുന്നു. രാജീവ് ഇവരുടെ മകനാണ്. സിസിലിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം സംസ്‌കരിച്ചു. പ്രതി രാജുവിനെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും.
Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam