കൊലപാതകശ്രമം: നാലുപേര്‍ക്ക് 13 വര്‍ഷം തടവ്

Posted on: 23 Dec 2012കോട്ടയം:ഉദയനാപുരത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ കെ.ബി.ഗിരീഷിനെ കൊല്ലാന്‍ ശ്രമിച്ച കേസ്സില്‍ നാല് പ്രതികള്‍ക്ക് 13 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ചു. മൂന്നാംപ്രതി പത്ത്പറയില്‍ അനുരാജ്, നാലാംപ്രതി പാറക്കരയില്‍ രാജേഷ്, അഞ്ചാംപ്രതി ഇരുമ്പൂഴിക്കര ഷെരീഫ്, ആറാംപ്രതി സജിമോന്‍ എന്നിവര്‍ക്കാണ് കോട്ടയം സെഷന്‍സ് കോടതി ജഡ്ജി എം.ഷാജഹാന്‍ തടവ് വിധിച്ചത്. ഒന്നാംപ്രതി ലക്ഷ്മിവിലാസം രൂപേഷ് മുരളീധരനെ വെറുതേ വിട്ടു. കേസ്സിലെ രണ്ടാംപ്രതി മൈനര്‍ ആയതിനാല്‍ ജുവനൈല്‍ കോര്‍ട്ടിന്റെ പരിഗണനയ്ക്ക് വിട്ടു.

2008 നവംബറിലാണ് കേസിനാസ്​പദമായ സംഭവം നടന്നത്. ഇരുമ്പൂഴിക്കരയിലെ കുളം വറ്റിക്കുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. സംഭവം അറിഞ്ഞെത്തിയ കെ.ബി.ഗിരീഷിനെ ക്രിക്കറ്റ് ബാറ്റിന് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജോര്‍ജ്കുട്ടിചിറയില്‍, അഡ്വ.ജിതേഷ് ബാബു എന്നിവര്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam