ക്രിസ്മസ് ലഹരിയുമായി പാപ്പാവണ്ടിയെത്തി. . .

Posted on: 23 Dec 2012

കോട്ടയം: മഞ്ഞുതാടിയും കൂര്‍ത്ത തൊപ്പിയും നനുനനുത്ത കുപ്പായങ്ങളുമായി ഒരു വണ്ടി നിറയെ പാപ്പാമാര്‍ വന്നിറങ്ങി. ജിംഗിള്‍ ബെല്‍സ് പാടി സമ്മാനപ്പൊതികളും ബലൂണുകളും കൈമാറി അവര്‍ ക്രിസ്മസിന്റെ ലഹരി പങ്കിട്ടു. കാഴ്ചക്കാര്‍ക്കെല്ലാം കൊച്ചുകുട്ടികളെപ്പോലെ തുള്ളിച്ചാടണമെന്നുണ്ടായിരുന്നു. ക്രിസ്മസിന്റെ ആഹ്‌ളാദം നുരഞ്ഞു പൊന്തിയ സായാഹ്നമായിരുന്നു വെള്ളിയാഴ്ച നഗരത്തില്‍. ചുവന്ന കോട്ടും കൈയില്‍ വടിയുമായി ആശംസയും ആഹ്‌ളാദവും ചൊരിഞ്ഞ് ഒരു കൂട്ടം ക്രിസ്മസ് പാപ്പാമാര്‍ നഗരത്തിലിറങ്ങിയ രാവ്.

മണര്‍കാട് നാലുമണിക്കാറ്റില്‍ നടത്തിയ ക്രിസ്മസ് ആഘോഷമാണ് പാപ്പാവണ്ടിയുമായി കോട്ടയത്തിന്റെ മനം കവര്‍ന്നത്. സാന്താക്ലോസിന്റെ വേഷം ധരിച്ച അമ്പതോളം പേര്‍ വണ്ടിയില്‍ കയറി നാലുമണിക്കാറ്റിനെ വലംവച്ചു. കരോള്‍ ഗാനങ്ങളുടെ അകമ്പടിയോടെ ഇവര്‍ നടത്തിയ നഗര പ്രദക്ഷിണത്തോടെ ക്രിസ്മസിന്റെ ആഘോഷത്തിമര്‍പ്പ് ഉച്ചസ്ഥായിയിലെത്തി.

ഇവര്‍ ഈറ്റയും മുളന്തണ്ടും മടല്‍പ്പൊളിയും ചൂരലും കൊണ്ട് മനോഹരമായ നക്ഷത്രങ്ങള്‍ ഒരുക്കി. മെഴുകുതിരിയും എണ്ണവിളക്കുംകൊണ്ടാണ് ഇവയില്‍ പ്രകാശം തെളിച്ചത്.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam