നല്ലഓര്‍മ്മകളില്‍ വേദനമറന്ന് തബല ബഷീര്‍
Posted on: 04 Feb 2012
ടി.കെ.സന്തോഷ്‌കുമാര്‍
ചങ്ങനാശ്ശേരി:വിരലുകളാല്‍ തബലയില്‍ മാന്ത്രികസ്പര്‍ശം തീര്‍ത്ത തബല ബഷീറിന് ബാക്കിയായത് താളം മറന്ന ജീവിതം. നല്ല നാളുകളില്‍ ജീവിക്കാന്‍ മറന്ന ബഷീര്‍, ആസ്ത്മ അടക്കമുള്ള രോഗങ്ങളാല്‍ ദുരിതം അനുഭവിക്കുമ്പോഴും തെളിമയോടെ പങ്കുവയ്ക്കുന്നത് അമേരിക്കയിലും സിംഗപ്പൂരിലും ചെലവിട്ട ഗതകാലം.
ബഷീറിന്റെ ബാപ്പ കുഞ്ഞുമുഹമ്മദ് അറിയപ്പെട്ട തബലിസ്റ്റ് ആയിരുന്നു. ബാപ്പയുടെ കൂട്ടുകാരനും അക്കാലത്തെ അറിയപ്പെടുന്ന കാഥികനുമായിരുന്ന മയ്യനാട് കെ.കെ.വാര്യര്‍ പരിപാടികള്‍ കഴിഞ്ഞ് വീട്ടില്‍ കൊണ്ടുവയ്ക്കുന്ന തബല വെറുതെ കൊട്ടിത്തുടങ്ങിയതാണ്. അങ്ങനെ ബഷീറിന് മുന്നില്‍ വാദ്യോപകരണം വഴങ്ങി. മകന്റെ കഴിവ് തിരിച്ചറിഞ്ഞ അച്ഛന്‍ പരിപാടികള്‍ നടത്തുന്നിടത്തെല്ലാം ബഷീറിനെ കൊണ്ടുപോയി. കെ.കെ.വാര്യരുടെ പ്രധാന തബലിസ്റ്റായി പ്രവര്‍ത്തിക്കാനായത് ഭാഗ്യമായി ബഷീര്‍ കരുതുന്നു.
തബല ബഷീര്‍ എന്നറിയപ്പെടാന്‍ തുടങ്ങിയതോടെ കഥാപ്രസംഗരംഗത്ത് സാന്നിധ്യം ഉറപ്പിച്ചു. കഥകളെയും കഥാപാത്രങ്ങളെയും ജീവസുറ്റതാക്കാന്‍ ബഷീറിന്റെ വിരലുകള്‍ക്ക് കഴിഞ്ഞു. വര്‍ഷങ്ങളോളം കെ.പി.എ.സി.യിലും ബി.സാംബശിവനോടൊപ്പവും പ്രവര്‍ത്തിച്ചു.
ഇതിനിടയില്‍ കൊല്ലം ബാബുവിനോടൊപ്പം പരിപാടി അവതരിപ്പിക്കാന്‍ സിംഗപ്പൂരിലും 85ല്‍ അമേരിക്കയിലേക്കും പറന്നു. അങ്ങനെ കാക്കാംതോട് വലിയവീട്ടില്‍ കെ.എം.ബഷീര്‍ വിവിധ ലോക രാജ്യങ്ങളും കണ്ടു. തബല വായിക്കാന്‍ മിടുക്കനായിരുന്ന മകന്‍ ഷാജഹാന്റെ(തബല രാജു) ആകസ്മിക മരണം അദ്ദേഹത്തിനു തിരിച്ചടിയായി. കലാകാരന്മാര്‍ക്ക് സാംസ്‌കാരിക വകുപ്പ് നല്‍കുന്ന 550 രൂപ പെന്‍ഷന്‍ മാത്രമാണ് ഇപ്പോള്‍ ഏകവരുമാനം. അത് മരുന്നിനുപോലും തികയുന്നില്ല. മകന്റെ ഭാര്യയ്ക്കും മക്കള്‍ക്കും താങ്ങാകാന്‍ കഴിയാതെ ഭാര്യ ഖദീജയുടെ മനഃസാന്നിധ്യത്തില്‍ ഒറ്റമുറി മാത്രമുള്ള വീട്ടില്‍ ഇപ്പോള്‍ ജീവിക്കുകയാണ് ബഷീര്‍.