കിഴതടിയൂര്‍ ബാങ്ക് : ക്ലിനിക്കിന്റെയും ഡയാലിസിസ് സെന്ററിന്റെയും ഉദ്ഘാടനം ഇന്ന്

Posted on: 04 Feb 2012



പാലാ: കിഴതടിയൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് പുതിയതായി ആരംഭിക്കുന്ന കിസ്‌കോ ക്ലിനിക്,സി.ടി സ്‌കാന്‍,ഡയാലിസിസ്‌യൂണിറ്റ്, ഇന്റീരിയേഴ്‌സ് ആന്‍ഡ് ഫര്‍ണിച്ചര്‍ മാര്‍ട്ട് എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനം ശനിയാഴ്ച നടക്കും. ഉച്ചകഴിഞ്ഞ 3ന് ഹെഡ് ഓഫീസിലെ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം ധനമന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് ജോര്‍ജ് സി. കാപ്പന്‍ അധ്യക്ഷത വഹിക്കും. ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തും. പ്രമുഖസഹകാരികളെ സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റ് എം. മെഹബൂബ് ആദരിക്കും. ക്രിസ്തുരാജ് ആസ്​പത്രിയിലെ ഡോക്ടര്‍ എം.ജെ.ജോസഫിനെ നഗരസഭാ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ ആദരിക്കും.കിസ്‌കോ ക്ലിനിക്കിന്റെ ഉദ്ഘാടനം ഡോ.ജോസ് ചാക്കോ പെരിയപ്പുറവും സി.ടി സ്‌കാനിന്റെ ഉദ്ഘാടനം സഹകരണസംഘം രജിസ്ര്ടാര്‍ ഡോ.എസ്. രവീന്ദ്രനും നിര്‍വഹിക്കും. ഡയാലിസിസ് യൂണിറ്റ് ബിജോയ് ജോര്‍ജും ഫര്‍ണിച്ചര്‍മാര്‍ട്ട് പി.എസ്.സി അംഗം അഡ്വ.തോമസ് വി.ടി.യും ഉദ്ഘാടനം ചെയ്യും. മികച്ച സ്വാശ്രയസംഘത്തിനുള്ള അവാര്‍ഡ് മുന്‍ എം.എല്‍.എ കെ.ജെ തോമസും മികച്ച കാര്‍ഷിക ക്ലബ്ബിനുള്ള അവാര്‍ഡ് മുന്‍ എം.എല്‍.എ വി.എന്‍. വാസവനും നല്‍കും. ജില്ലാബാങ്ക് പ്രസിഡന്റ് അഡ്വ. വി.എന്‍. ശശിധരന്‍, അഡ്വ. ജോയി നടുക്കര, പ്രൊഫ. കെ.കെ. ഏബ്രഹാം എന്നിവരും പങ്കെടുക്കും. ബാങ്ക് മാനേജിങ് ഡയറക്ടര്‍ ആര്‍.എസ്. മണി റിപ്പോര്‍ട്ടവതരിപ്പിക്കും. വൈസ് പ്രസിഡന്റ് ഷാര്‍ളി മാത്യു സ്വാഗതവും സെക്രട്ടറി ഫിലോമിന മാത്യു നന്ദിയും പറയും.

More News from Kottayam