ഒരുവര്‍ഷത്തിനുള്ളില്‍ നൂറോളം പവനും ലക്ഷം രൂപയും മോഷ്ടിച്ചയാള്‍ പിടിയില്‍

Posted on: 04 Feb 2012



ഏറ്റുമാനൂര്‍: പകല്‍സമയങ്ങളില്‍ വന്‍ കവര്‍ച്ച നടത്തി ഒളിവില്‍ കഴിഞ്ഞിരുന്ന ഈരാറ്റുപേട്ട തീക്കോയി മുണ്ടകപ്പറമ്പില്‍ മുഹമ്മദ് ഫൈസലിനെ (ഫൈസല്‍-32) ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റുചെയ്തു.

അതിരമ്പുഴ, ഏറ്റുമാനൂര്‍ ഭാഗങ്ങളില്‍ നടത്തിയ മോഷണങ്ങളില്‍ ഒരുവര്‍ഷത്തിനിടെ നൂറോളം പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒരുലക്ഷത്തോളം രൂപയും ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം കവര്‍ന്നതായി പോലീസ് പറഞ്ഞു.

തെള്ളകത്തെ സ്വകാര്യ ആസ്​പത്രിക്ക് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ സംശയാസ്​പദമായി കണ്ടതിനെ തുടര്‍ന്ന് സ്‌പെഷല്‍ സ്‌ക്വാഡ് പോലീസാണ് ഇയാളെ പിടികൂടിയത്. പിടിയിലാകുമ്പോള്‍ ഫൈസലിന്റെ കൈവശം ഒന്‍പത് സ്വര്‍ണ്ണനാണയങ്ങളും ഒരുകരിമണിമാലയും ഉള്‍പ്പെടെ 12 പവന്റെ സ്വര്‍ണ്ണവും ഒന്‍പതിനായിരം രൂപയും ഉണ്ടായിരുന്നു.

എറണാകുളത്തെ അഭിഭാഷകന്‍ നൗഷാദിന്‍െ വീട്ടില്‍ നിന്ന് കവര്‍ന്നതാണ് സ്വര്‍ണ്ണവും പണവുമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞമാസം പിടിയിലായ കൂട്ടുപ്രതിയും സഹോദരനുമായ മുഹമ്മദ് സൈഫലിനെ (സൈഫല്‍-29) ജാമ്യത്തിലിറക്കാനാണ് ഇത്തവണ ഫൈസല്‍ കവര്‍ച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു.

ഫൈസല്‍ കവര്‍ച്ച ചെയ്യുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റഴിച്ചിരുന്നത് സൈഫലാണ്. സംഘത്തിലെ മറ്റൊരു പ്രതി ഈരാറ്റുപേട്ട നടയ്ക്കല്‍ കീരിയം തോട്ടത്തില്‍ ഷിഹാബുദീനും സൈഫലിനൊപ്പം പിടിയിലായിരുന്നു.

കഴിഞ്ഞ മെയില്‍ ഏറ്റുമാനൂര്‍ രാധാസില്‍ മോഹന്‍കുമാറിന്റെ വീട്ടില്‍നിന്ന് 40 പവന്‍ സ്വര്‍ണ്ണാഭരണവും 40,000 രൂപയും കവര്‍ന്നത് ഫൈസലാണെന്നും തെളിഞ്ഞിട്ടുണ്ട്. 5 ലക്ഷം രൂപയ്ക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ണൂരില്‍ പണയപ്പെടുത്തിയതായാണ് സൂചന.

നവംബറില്‍ അതിരമ്പുഴയില്‍ ചക്കാലക്കല്‍ ജോയിയുടെ വീട്ടില്‍നിന്ന് 36 പവന്‍ സ്വര്‍ണ്ണവും മാതൃഭൂമി ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജങ് ഷന്‍ ഏജന്റ് പൂജാ സ്റ്റോഴ്‌സ് ഉടമ ഷിന്‍ഗോപാലിന്റെ വീട്ടിന്‍നിന്ന് 38000 രൂപയും സ്വര്‍ണ്ണക്കമ്മലുകളും പൈനേല്‍ ജോണിയുടെ വീട്ടില്‍ നിന്ന് ഒന്നര പവനും 3000 രൂപയും സംഘം കവര്‍ന്നതായി പോലീസ് പറഞ്ഞു.

സി.ഐ. ഷാജു ജോസ്, എ.എസ്.ഐ. ഉദയകുമാര്‍, സീനിയര്‍ സി.പി.ഒമാരായ ഏബ്രഹാം ജോസഫ്, പത്മകുമാര്‍, അജിത്കുമാര്‍, രാജീവ്, വിജയന്‍, വര്‍ഗീസ്, സുലൈമാന്‍, ഷിബുക്കുട്ടന്‍ എന്നിവരാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സ്‌പെഷല്‍ സ്‌ക്വാഡിന്റെ ഒന്നര മാസത്തെ ശ്രമഫലമായാണ് ഫൈസലിനെ കുടുക്കിയതെന്ന് ഡിവൈ.എസ്.പി. പി.ഡി. രാധാകൃഷ്ണപിള്ള പറഞ്ഞു.

More News from Kottayam