കാരുണ്യവര്‍ഷവുമായി അമൃതാനന്ദമയീമഠം കിടപ്പിടമില്ലാതെ പാലത്തിനടിയില്‍ രണ്ട് കുടുംബം
Posted on: 04 Feb 2012
കോട്ടയം:അന്തിയുറങ്ങാനിടമില്ലാതെ രണ്ടു കുടുംബങ്ങള്‍ അഞ്ചുമാസമായി ജീവിക്കുന്നത് മെഡിക്കല്‍ കോളേജ് -കല്ലറ റൂട്ടില്‍ കുട്ടോമ്പുറം പാലത്തിനടിയില്‍. ഇവരുടെ ദുരിത ജീവിതത്തിന് കാരുണ്യത്തിന്റെ കൈത്താങ്ങാകുകയെന്ന് മാതാ അമൃതാനന്ദമയിമഠം. വീട് വച്ച് നല്‍കുമെന്ന് മാതാ അമൃതാനന്ദമയീമഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി അറിയിച്ചു.
ആര്‍പ്പൂക്കര തോപ്പില്‍ കോളനി നിവാസികളായ സുനില്‍ (42), ഭാര്യ അമ്പിളി (30), മകന്‍ കാര്‍ത്തികേയന്‍ ( 5 ) , സഹോദരി അമ്പിളി ( 27 ), ഭര്‍ത്താവ് സജി ( 28 ) , മക്കളായ സജി ( 6 ) , സച്ചു ( 5 ), സജിത്ത് ( 4 ) എന്നിവരാണ് മാസങ്ങളായി അധികൃതരുടെ കനിവ് തേടി പാലത്തിനടിയില്‍ കഴിയുന്നത്. മലവേടര്‍ വിഭാഗത്തില്‍ പെട്ട ഇവര്‍ വീട്ടുകാര്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് വീടുവിട്ടത്. കുട്ടോമ്പുറം പാലത്തിന് സമീപത്തുള്ള ഒരു വീട്ടില്‍ വാടകയ്ക്കായിരുന്നു സുനിലും കുടുംബവും താമസിച്ചിരുന്നത്. 200രൂപ മാത്രമായിരുന്നു വാടക. സ്ഥലം വില്‍ക്കുന്നുവെന്ന് അറിയിച്ച് സുനിലിനെയും കുടുംബത്തെയും വീട്ടില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. മറ്റ് വാടക വീടുകള്‍ ലഭ്യമാകാഞ്ഞതോടെ പാലത്തിനടിയില്‍ അഭയം തേടി.
പാലത്തിനടിയില്‍ പ്ലാസ്റ്റിക് പടുത കെട്ടിയാണ് ഇവര്‍ കഴിയുന്നത്. പെണ്ണാര്‍ തോടിലെ ജലനിരപ്പുയര്‍ന്നാല്‍ മറ്റൊരു കിടപ്പിടം കണ്ടെത്താനാകാതെ പെരുവഴിയിലേക്കിറങ്ങേണ്ടിവരും. കൂലിപ്പണി ചെയ്ത് കുടുംബം പുലര്‍ത്തുന്ന ഇവര്‍ക്ക് പല ദിവസങ്ങളിലും പണി ലഭിക്കാറില്ല. മക്കള്‍ക്ക് ഭക്ഷണം കൊടുത്ത് അഞ്ച് ദിവസം വരെ പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ടെന്ന് സുനില്‍ പറഞ്ഞു. തെങ്ങു കയറ്റതൊഴിലാളിയായ സുനിലിന് ഒരു ദിവസം പത്ത് തെങ്ങുകളില്‍ കൂടുതല്‍ കയറാനാവില്ല. മറ്റ് കൂലിപ്പണികള്‍ തേടിപ്പോവുകയാണ് പതിവ്. തൊണ്ണംകുഴി സര്‍ക്കാര്‍ എല്‍. പി. സ്‌കൂളിലാണ് ഇവരുടെ കുട്ടികള്‍പഠിക്കുന്നത്. കുട്ടികള്‍ക്ക് ഓരോ മാസവും ഫീസ് കൊടുക്കാനായി സന്മനസ്സുള്ളവരുടെ സഹായമാണ് ആശ്രയം. സ്വന്തമായൊരു വീടിനുവേണ്ടി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ അപേക്ഷ നല്‍കിയിരുന്നു. അപേക്ഷ ഗ്രാമസഭയില്‍ സമര്‍പ്പിച്ച്പാസായെങ്കില്‍ മാത്രമേ വീടു കിട്ടൂ.
ദുരിതകഥ അറിഞ്ഞ മാതാഅമൃതാനന്ദമയീമഠം വീട് വച്ച് നല്‍കുന്നതോടൊപ്പം കുട്ടികളുടെ പഠനച്ചെലവും ഏറ്റെടുത്തുകൊള്ളാമെന്നറിയിച്ചിട്ടുണ്ട്. എവിടെയാണ് വീട് വേണ്ടതെന്നറിയിച്ചാല്‍ ആസ്ഥലത്ത് ഭൂമി വാങ്ങി വീടുവച്ച് നല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്. അമൃതാനന്ദമയീമഠം പ്രതിനിധികള്‍ ഒരാഴ്ചയ്ക്കകം കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുമെന്നറിയിച്ചിട്ടുണ്ട്.