വിദ്യാഭ്യാസ വായ്‌പ നിഷേധിക്കുന്നത് തെറ്റ്: പി.സി. ജോര്‍ജ്
Posted on: 04 Feb 2012
കോട്ടയം: വിദ്യാഭ്യാസ വായ്പയുടെ കാര്യത്തില്‍ പൊതുമേഖലാ ബാങ്കുകളും ഇന്ത്യന്‍ ബാങ്ക് അസോസിയേഷനും തുടരുന്ന നീതിനിഷേധത്തിനെതിരെ കേരളമെമ്പാടും പ്രക്ഷോഭം ഉയര്‍ന്നുവരണമെന്ന് ഗവ. ചീഫ്‌വിപ്പ് പി.സി. ജോര്‍ജ് പറഞ്ഞു. വിദ്യാഭ്യാസ വായ്പ നല്‍കുന്നതിലെ നയവൈകല്യങ്ങളില്‍ പ്രതിഷേധിച്ച് നടത്താന്‍ പോകുന്ന സമരത്തിന് മുന്നോടിയായി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ വായ്പയെടുത്തവരില്‍നിന്ന് പണം ഈടാക്കാന്‍ അന്യായമായി നടത്തുന്ന റവന്യു റിക്കവറി നടപടികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണം. രാജ്യത്തെ അര്‍ഹരായ ഒരു വിദ്യാര്‍ഥിക്കുപോലും സാമ്പത്തിക ബുദ്ധിമുട്ടുമൂലം ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കപ്പെടാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചതാണ് വിദ്യാഭ്യാസ വായ്പാ നയം. ഇതിനെ ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസം നേടി പുറത്തുവരുന്ന പ്രഗത്ഭരായവരെ മാനസികമായി തളര്‍ത്തി രാജ്യ പുരോഗതി അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ക്ക് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ കൂട്ടു നില്‍ക്കുന്നുണ്ടോ എന്ന് കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കണം. 2001 മുതല്‍ വിദ്യാര്‍ഥികള്‍ക്ക് നിയമപരമായി അവകാശപ്പെട്ടതാണ് വിദ്യാഭ്യാസ വായ്പ. നാലരലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള കുടുംബത്തിന് യാതൊരു ഈടുമില്ലാതെ മക്കളെ പഠിപ്പിക്കാന്‍ വായ്പ എടുക്കാമെന്നതാണ് കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും പ്രഖ്യാപിച്ച വിദ്യാഭ്യാസവായ്പാ നയം. ഇതിനെയാകെ അട്ടിമറിച്ച് ഈടുപ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ വായ്പ നല്‍കൂ എന്നത് ഗുരുതരമായ നിയമലംഘനമാണ്. പഠനം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനു ശേഷം മാത്രം വായ്പ തിരിച്ചടച്ചാല്‍ മതിയെന്ന ചട്ടവും ബാങ്കുകള്‍ ലംഘിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി വിദ്യാര്‍ഥികളില്‍ നിന്ന് പലിശ ഈടാക്കുന്നുമുണ്ട് - അദ്ദേഹം പറഞ്ഞു.
ഫിബ്രവരി 27 ന് തിരുവനന്തപുരത്ത് റിസര്‍വ് ബാങ്കിനു മുന്നിലാണ് സമരം നടത്തുന്നത്. പ്രസിഡന്റ് തോമസ് ചെറിയാന്‍ പുതുപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ എം.പി. ജോണി, ജോസ് ഫ്രാന്‍സിസ്, കെ.വി. രജിതകുമാരി, രാജന്‍ തോമസ്, അനു രാജന്‍ എന്നിവര്‍ സംസാരിച്ചു.