അമ്മയും കൈക്കുഞ്ഞും തീപ്പിടിത്തത്തില്‍ നിന്ന് രക്ഷപ്പെട്ടു

Posted on: 04 Feb 2012



തലയോലപ്പറമ്പ്: തരിശു കിടന്ന മൂന്നേക്കര്‍ പ്രദേശത്ത് നട്ടുച്ചയ്ക്ക് വന്‍ തീപ്പിടിത്തം. തീപ്പിടിത്തത്തിനിടയില്‍ നാശനഷ്ടമുണ്ടായ വീടിനുള്ളില്‍ കിടന്നുറങ്ങിയിരുന്ന അമ്മയും കൈക്കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു.

പ്രദേശത്തെ മുഴുവന്‍ പരിഭ്രാന്തിയിലാക്കി ഒരു മണിക്കൂറോളം നീണ്ടുനിന്ന തീപ്പിടിത്തത്തില്‍ നിരവധി വീടുകള്‍ക്കും വൃക്ഷങ്ങള്‍ക്കും നാശനഷ്ടവും വളര്‍ത്തുമൃഗങ്ങള്‍ക്ക് പൊള്ളലുമേറ്റു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ തലയോലപ്പറമ്പ് അരയന്‍മലയിലാണ് ജനങ്ങളെ പരിഭ്രാന്തരാക്കി ഒരു മണിക്കൂറോളം നിണ്ടുനിന്ന തീപ്പിടിത്തമുണ്ടായത്.

തീപ്പിടിത്തമുണ്ടായപ്പോള്‍ ഇതിന്റെ തൊട്ടടുത്ത് കുഞ്ഞാനിക്കല്‍ വീട്ടില്‍ ജോസഫിന്റെ ഭാര്യ സില്‍വിയും കൈക്കുഞ്ഞും ഉറങ്ങിക്കിടക്കുകയായിരുന്നു. ശക്തമായ ചൂടും തീപിടിച്ച് മരച്ചില്ലകള്‍ ഒടിയുന്ന ശബ്ദവും കേട്ടാണ് സില്‍വി ഉണര്‍ന്നത്. ഉണര്‍ന്നപ്പോള്‍ വീടിനടുത്ത് വന്‍ തീപ്പിടിത്തമാണ് കണ്ടത്.ഉടന്‍തന്നെ കൈക്കുഞ്ഞിനെയുമെടുത്ത് വീടിന് പുറത്തേക്കോടി രക്ഷപ്പെട്ടു.

തീപ്പിടിത്തത്തില്‍ ജോസഫിന്റെ വീടിന് കാര്യമായ കേടുപാട് പറ്റിയിട്ടുണ്ട്. ഇവിടെ വളര്‍ത്തിയിരുന്ന ആടിന് സാരമായ പൊള്ളലേറ്റു.

ഇതിനടുത്തുള്ള ആറാക്കല്‍ അഗസ്തിയുടെ വീടിനും നാശം നേരിട്ടു. സമീപത്തുള്ള നിരവധി റബ്ബര്‍, പുളി, തെങ്ങ്, കുരുമുളക് എന്നിവയും കത്തി നശിച്ചു.

അരയന്‍മലയിലെ കൊച്ചാനാപറമ്പില്‍ മണി, തറയില്‍ കെ. ജോസ് എന്നിവരുടെ വസ്തുവിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്.

തീപ്പിടിത്തം കണ്ട് തൊട്ടടുത്ത വീട്ടമ്മമാര്‍ പരിഭ്രാന്തരായി നിലവിളിച്ചത് കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം തീയണച്ചത്. അടുത്ത ക്ഷേത്രത്തില്‍ ഉത്സവം കാണാനെത്തിയ നാട്ടുകാരും സംഭവമറിഞ്ഞ് സ്ഥലത്തെത്തി തീയണയ്ക്കാന്‍ ഒത്തുചേര്‍ന്നു.

തുടര്‍ന്ന് കടുത്തുരുത്തിയില്‍ നിന്ന് ഫയര്‍ഫോഴ്‌സും തലയോലപ്പറമ്പില്‍ നിന്ന് പോലീസും എത്തി.

More News from Kottayam