90-ാം വയസ്സിലും ഗോതമ്പുമണികള്‍ പെറുക്കിക്കൂട്ടി ബ്രിജീത്ത അമ്മൂമ്മ
Posted on: 04 Feb 2012
ലക്ഷ്മിപ്രേംകുമാര്‍
കോട്ടയം:പ്രാവിന്‍കൂട്ടം ബാക്കിവച്ച ഗോതമ്പ്മണികള്‍ പെറുക്കിയെടുക്കാനുള്ള തിരക്കിലാണ് തൊണ്ണൂറാം വയസ്സിലും ബ്രിജീത്ത അമ്മൂമ്മ.കോട്ടയം റെയില്‍വേ ഗുഡ്‌സ്‌ഷെഡ്ഡില്‍ ഇറക്കുമ്പോള്‍ ഉതിര്‍ന്നുവീഴുന്ന ഗോതമ്പ്മണികള്‍ പെറുക്കിക്കൂട്ടിയാണ് അമ്മൂമ്മ ജീവിതം മുന്നോട്ട് നീക്കുന്നത്. റെയില്‍വേ ട്രാക്കിനരികിലായിരുന്നു താമസം. കഷ്ടപ്പാടുകളും ദുരിതങ്ങളും മാത്രം കൂട്ടായിരുന്ന കാലത്ത് തുടങ്ങിയതാണിത്. അന്ന് അരിവാങ്ങാനൊന്നും മാര്‍ഗമില്ലായിരുന്നു. വിശപ്പടക്കാന്‍ വേറെ വഴിയൊന്നുമില്ലാതെ വന്നപ്പോള്‍ ഗോതമ്പ് മണികള്‍ പെറുക്കിയെടുക്കാന്‍ തുടങ്ങി. ഇപ്പോള്‍ ആ കാലം മാറി. ബ്രിജീത്തയുടെപ്രായവും.പക്ഷേ,ബ്രിജീത്ത അമ്മൂമ്മയ്ക്കിപ്പോഴും ട്രാക്കില്‍ നിന്ന് മോചനമില്ല. പൊള്ളുന്ന വെയിലും പായുന്ന വാഹനങ്ങളും ചുറ്റും നിറയുന്ന സിമന്റ്‌പൊടിയുമറിയാതെ ഒരു അനുഷ്ഠാനം പോലെ അവരിപ്പോഴും പ്രാവുകള്‍ക്കൊപ്പം ഗോതമ്പ് മണികള്‍ പെറുക്കുന്നു.
പ്രായം 90 ആയിട്ടും കേള്‍വിശക്തി കുറഞ്ഞതൊഴിച്ചാല്‍ മറ്റ് അവശതകളൊന്നുമില്ല. കണ്ണിനിപ്പോഴും നല്ല കാഴ്ചയാണ്. പെറുക്കിക്കൂട്ടുന്ന ഗോതമ്പ് മണികള്‍ വൃത്തിയായി കഴുകി ഉണക്കി ഉപയോഗിക്കും.
കൂടുതല്‍ കിട്ടിയാല്‍ വില്‍ക്കും. അല്ലെങ്കില്‍ സ്വന്തം ആവശ്യത്തിനെടുക്കും. എന്നും കണ്ടുകണ്ട് തൊഴിലാളികള്‍ക്കും റെയില്‍വേ ജീവനക്കാര്‍ക്കും അമ്മൂമ്മയുടെ കാര്യത്തില്‍പ്രത്യേക കരുതലുണ്ട്. അമ്പത്തിഅഞ്ചുവയസില്‍ ജോലിയില്‍നിന്ന് വിരമിച്ച് വിശ്രമം തുടങ്ങുന്നവരുടെ മുന്നില്‍ ഒരു ആശ്ചര്യമാവുകയാണ് തെരുവോരത്തിലെ ഈ നേര്‍ക്കാഴ്ച. ഇപ്പോള്‍ അമലഗിരിയില്‍ മകളുടെ കൂടെയാണ് താമസമെങ്കിലും വെളിച്ചം വീഴുമ്പോളേ അമ്മൂമ്മ തന്റെ സ്ഥിരം ലാവണത്തിലെത്തും. വൈകുന്തോറും പ്രാവുകള്‍ തന്റെ വിഹിതംകൂടി കൊത്തിപ്പറക്കുമെന്ന തിരിച്ചറിവും അനുഭവത്തിലൂടെ അമ്മൂമ്മയ്ക്കുണ്ട്.