മോനിപ്പള്ളി: എം.സി.റോഡില്‍ സൂപ്പര്‍ഫാസ്റ്റ് ബസും സി.ഐ.ടി.യു. സംസ്ഥാന സമ്മേളന പ്രതിനിധികള്‍ സഞ്ചരിച്ച സ്വകാര്യബസും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്കേറ്റു. മോനിപ്പള്ളി തിരുഹൃദയപള്ളിക്ക് മുന്‍വശത്തായി വ്യാഴാഴ്ച രാത്രി 8.30 ഓടെയായിരുന്നു അപകടം.
 
പരിക്കേറ്റവരില്‍ നാല് പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ മോനിപ്പള്ളി സ്വകാര്യ ആശുപത്രിയിലും ഒരാളെ തെള്ളകത്തെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു.

മൂവാറ്റുപുഴ സ്വദേശികളായ പ്രദീഷ് (37), ഷിജോയി (50), വിന്‍സന്റ് (41), സതീശന്‍ (58), മുഹമ്മദ് (42), രഞ്ജിത്ത് (33), ഷുക്കൂര്‍ (34), കെ.കെ.രാജു (45), സതീശന്‍ (58) കോഴിക്കോട് സ്വദേശി റീയാസ് (23), ഇത്തിത്താനം സ്വദേശി വിഷ്ണു (28), കൊല്ലം സ്വദേശി ദിവ്യ (27), തിരുവല്ല സ്വദേശി വിഷ്ണു റോയി (24), കുന്നത്തുനാട് സ്വദേശി രാജു (49), കുറവിലങ്ങാട് സ്വദേശികളായ നന്ദകുമാര്‍ (21), മിനി (50), പാലക്കാട് സ്വദേശി ജിബിനോ ജിജി (14), പാമ്പാക്കുട സ്വദേശി ബേബി (56), കോതമംഗലം സ്വദേശി സാബു എം. കുര്യാക്കോസ് (36), മാള സ്വദേശിനി വത്സാ ജേക്കബ് (40), കുര്യനാട് സ്വദേശി െബ്ലസി (31) തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റ് ചികിത്സ തേടിയത്.

കോട്ടയത്ത് നടന്ന ചുമട്ടുതൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മൂവാറ്റുപുഴ സ്വദേശികളാണ് സ്വകാര്യബസിലെ യാത്രികര്‍. പത്തനാപുരം ഡിപ്പോയിലേതാണ് അപകടത്തില്‍ പെട്ട കെ.എസ്.ആര്‍.ടി.സി. ബസ്. മാനനന്തവാടിയില്‍നിന്ന് പത്തനാപുരത്തിന് പോവുകയായിരുന്നു. മോനിപ്പള്ളിയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റും ജീവനക്കാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

കൂത്താട്ടുകുളത്തുനിന്ന് അഗ്നിരക്ഷാസേനയുടെ അപകട രക്ഷാപ്രവര്‍ത്തന സംഘവും കുറവിലങ്ങാട് പോലീസും സംഭവസ്ഥലത്ത് എത്തി. ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് സജേഷ് ശശി അടക്കമുള്ള നേതാക്കള്‍ ആശുപത്രിയിലെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.