കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കാന്‍സര്‍ ചികിത്സയ്ക്കായി അത്യാധുനിക റേഡിയേഷന്‍ ചികിത്സാ ഉപകരണമായ ലീനിയര്‍ ആക്‌സിലേറ്റര്‍ വാങ്ങുന്നതിന് അനുമതി നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതിനായി എട്ടുകോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ബാക്കി വേണ്ടിവരുന്ന 3.80 കോടി രൂപ കണ്ടെത്തി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴി ഉപകരണം വാങ്ങുന്നതിന് മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആധുനിക റേഡിയേഷന്‍ ചികിത്സാ ഉപകരണമായ ലീനിയര്‍ ആക്‌സിലേറ്റര്‍ സ്ഥാപിക്കുന്നതിന് കെട്ടിടം ഉള്‍പ്പെടെ 11.80 കോടി രൂപ ചെലവുവരും.

മെഡിക്കല്‍ കോളേജിലേക്കായി സി.ടി.സ്‌കാന്‍, മോര്‍ച്ചറിക്കായി പുതിയ കെട്ടിടം, പുതിയ ഹീമോഫീലിയ വാര്‍ഡ്, പുതുതായി ഒരു കാത്ത്‌ലാബ്, പുതിയ അത്യാഹിത ബ്ലോക്ക് തുടങ്ങിയവ 2018- ഓടുകൂടി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളേജിലെ ക്യാന്‍സര്‍ ചികിത്സാ വിഭാഗത്തില്‍ റേഡിയേഷന്‍ ചികിത്സ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു ലീനിയര്‍ ആക്‌സിലേറ്റര്‍ കൂടി വാങ്ങണമെന്നും ആശുപത്രിയുടെ നിലവാരം ഉയര്‍ത്തണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും നടപടികള്‍ മുന്നോട്ടുപോയില്ല.

സുരേഷ് കുറുപ്പ് എം.എല്‍.എ. നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേര്‍ന്നതായും മന്ത്രി പറഞ്ഞു. 2013ല്‍ ലീനിയര്‍ ആക്‌സിലേറ്റര്‍ വാങ്ങുന്നതിനായി ടെക്‌നിക്കല്‍ സ്‌പെസിഫിക്കേഷന്‍ അംഗീകരിക്കുകയും ഗ്ലോബല്‍ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചെങ്കിലും ഇ-ടെന്‍ഡര്‍ നടപടികള്‍ വേണമെന്നതിന്റെ പേരില്‍ നിരാകരിക്കപ്പെടുകയുമായിരുന്നു.

ഈ സാഹചര്യത്തിലാണ് മുടങ്ങിക്കിടന്ന ലീനിയര്‍ ആക്‌സിലേറ്റര്‍ വാങ്ങി കാന്‍സര്‍ ചികിത്സ വിപുലപ്പെടുത്താന്‍ തീരുമാനിച്ചത്.

കൂടാതെ ആശുപത്രിയെ രോഗീസൗഹൃദമാക്കുന്ന ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഒ.പി. ട്രാന്‍സ്‌ഫോമേഷന്‍ നടത്തുന്നതിലേക്ക് 8.93 കോടി രൂപ അനുവദിച്ചിരുന്നു. ആശുപത്രിയുടെ അടിസ്ഥാന സൗകര്യവികസനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക വിനിയോഗിക്കുക. നാഷണല്‍ ഹെല്‍ത്ത് മിഷനും എച്ച്.എല്‍.എല്ലുമാണ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുക.