ചിങ്ങവനം: പ്രതീക്ഷയോടെ വിത്തെറിഞ്ഞു. നന്നായി പരിപാലിച്ചു. നല്ല വിളവും കിട്ടി. പക്ഷേ, മഴയെത്തുംമുന്‍പേ കളത്തില്‍നിന്ന് കയറ്റിവിട്ട നെല്ല് വഴിയില്‍ മില്ലുകാര്‍ തള്ളി. ഏഴുദിവസമായി വഴിയരികിലെ കുറ്റിക്കാട്ടില്‍ ഇറക്കിയിട്ട 78 ചാക്ക് നെല്ല് കാക്കയും കോഴിയും കൊണ്ടുപോകാതെ കാക്കുകയാണ് കര്‍ഷകന്‍.

പള്ളം വാലേക്കടവില്‍ കാടത്തറ തങ്കച്ചന്റെ പാടത്തുനിന്ന് കയറ്റിവിട്ട നെല്ലാണ് വഴിയരികില്‍ കിടന്നുനശിക്കുന്നത്. പാടത്തുനിന്ന് കീര്‍ത്തി മില്ലുകാര്‍ ഏറ്റെടുത്ത് ലോറിയില്‍ കയറ്റിയ നെല്ല് ഒരു കിലോമീറ്ററിനപ്പുറം റോഡരികില്‍ തള്ളിയിട്ടിട്ട് പോകുകയായിരുന്നു.
 
കാര്യമെന്താണെന്നോ വഴിയില്‍ തള്ളിയതെന്തിനെന്നോ കര്‍ഷകനറിയില്ല. മില്ലുകാര്‍ നെല്ല് എടുക്കാന്‍ വരുമെന്ന പ്രതീക്ഷയില്‍ നെല്ല് സംരക്ഷിക്കുകയാണ് അദ്ദേഹം. പാടത്തുനിന്ന് ലോറിയിലേക്ക് കയറ്റുന്നതിനുള്ള കൂലിയും മില്ലുടമകള്‍ നല്‍കിയില്ലെന്ന് തൊഴിലാളികളും പറയുന്നു.