banana
വെള്ളാവൂർ കൃഷിഭവന്റെ നേതൃത്വത്തിൽ 
മൂങ്ങാനിയിലെ നേരങ്ങാടിയിൽ 
കർഷകർ എത്തിച്ച വാഴക്കുലകൾ
മണിമല: വെള്ളാവൂര്‍ കൃഷിഭവന്‍ മണിമലയില്‍ തുടങ്ങിയ നേരങ്ങാടി കര്‍ഷകര്‍ക്ക് തുണയായി. കര്‍ഷകര്‍ ഏത് ഉല്പന്നങ്ങള്‍ കൊണ്ടുവന്നാലും സംഘാടകര്‍ കര്‍ഷകന്‍ ആഗ്രഹിക്കുന്ന വിലയ്ക്ക് ഇത് ലേലത്തിനായി വെയ്ക്കും. നിശ്ചയിച്ച തുകയില്‍ ലേലം ആരംഭിച്ച് കൂടിയ തുകയ്ക്ക് ലേലംപൂര്‍ത്തിയാകുമ്പോള്‍ നേരങ്ങാടിക്കും കര്‍ഷകനും നേട്ടം.

വെള്ളാവൂര്‍ പഞ്ചായത്തില്‍ മണിമല മൂങ്ങാനിയില്‍ തുടങ്ങിയ നേരങ്ങാടി പഞ്ചായത്ത് പ്രദേശത്തെ ചെറുകിട വാഴകര്‍ഷകര്‍ക്ക് ഉപയോഗപ്രദമായി. വാഴക്കുലകള്‍ വാഹനങ്ങളില്‍ കയറ്റി കടകളിലെത്തിക്കുമ്പോള്‍ വ്യാപാരികള്‍ കാട്ടുന്ന നിസ്സംഗതയ്ക്ക് നേരങ്ങാടിയുടെ വരവോടെ പരിഹാരമായതായി കര്‍ഷകര്‍ പറയുന്നു .

വെള്ളിയാഴ്ചകളില്‍ മൂങ്ങാനിയില്‍ നടന്നുവരുന്ന ലേല വിപണി വാഴക്കുലകളാല്‍ സമൃദ്ധമായി. കപ്പ, ചേന, ചേമ്പ്, കാച്ചില്‍, തേങ്ങ, മാങ്ങാ തുടങ്ങി തഴുതാമയും ശതാവരി കിഴങ്ങുംവരെ നേരങ്ങാടിയില്‍ വിറ്റുപോകുന്നുണ്ട്. ഇപ്പോള്‍ പൊതുസ്ഥലത്ത് നടക്കുന്ന ലേലവിപണിക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് തയ്യാറായിട്ടുണ്ട്.