കൊല്ലം: മസ്തിഷ്കമരണം സംഭവിക്കുന്നവരുടെ അവയവങ്ങൾ രോഗികൾക്ക് ആശുപത്രികൾ നൽകുന്നത് ലക്ഷങ്ങൾ പ്രതിഫലം വാങ്ങിയാണെന്ന് നടൻ ശ്രീനിവാസൻ പറഞ്ഞു. കൊല്ലം സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചാരിറ്റി സെയിലിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മസ്തിഷ്കമരണം സംഭവിക്കുന്ന ആളുടെ അവയവങ്ങൾ സൗജന്യമായി നൽകാനാണ് ബന്ധുക്കൾ സമ്മതപത്രം നൽകുന്നത്. കരളും വൃക്കയും ഉൾപ്പെടെയുള്ള അവയവങ്ങൾ ആശുപത്രികൾ രോഗികളിൽ വെച്ചുപിടിപ്പിക്കുന്നത് ലക്ഷങ്ങൾ വാങ്ങിയാണ്. ആശുപത്രികളിൽ ചികിത്സയ്ക്കിടെയുണ്ടാകുന്ന മസ്തിഷ്കമരണങ്ങൾക്ക് പിന്നിൽ ദുരൂഹതയുണ്ട്. ഇതുസംബന്ധിച്ച് ഡോ. ഗണപതി ഹൈക്കോടതിയിൽ ഹർജിനൽകിയതിന് പിന്നാലെ മസ്തിഷ്കമരണങ്ങളുടെ എണ്ണം കുറഞ്ഞത് സംശയകരമാണ്.

അവയവമാറ്റ ശസ്ത്രക്രിയകളുടെ പിന്നിൽ നടക്കുന്ന കച്ചവടമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടവക വികാരി ഫാ. ടി.തോമസുകുട്ടി നല്ലില, ജനറൽ കൺവീനർ കെ.കെ.സക്കറിയ, ജോയിന്റ് കൺവീനർ പി.മോളിക്കുട്ടി, ട്രസ്റ്റി ജോർജ് മാത്യുസ് എന്നിവർ പ്രസംഗിച്ചു.