ശാസ്താംകോട്ട: ശാസ്താംകോട്ട ശുദ്ധജലതടാക സംരക്ഷണത്തിനായി കല്ലടയാറിനെ ആശ്രയിച്ചുള്ള ബദല്‍ പദ്ധതി ഉപേക്ഷിക്കുന്നു. പദ്ധതിയുടെ ഭാഗമായി പൈപ്പിടുന്ന ജോലികള്‍ പുരോഗമിക്കുന്നതിനിടയിലാണ് ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ തീരുമാനമായിരിക്കുന്നത്. ഇതോടെ 34.5 കോടി രൂപയുടെ സംരക്ഷണ പദ്ധതി നഷ്ടമായി.

ഇടതുപക്ഷം ഭരിക്കുന്ന മണ്‍റോത്തുരുത്ത് ഗ്രാമപ്പഞ്ചായത്തിന്റെ ശക്തമായ എതിര്‍പ്പാണ് പദ്ധതി വേണ്ടെന്നുവയ്ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നത്. വേണ്ടത്ര പരിസ്ഥിതി പഠനം നടത്താതെയാണ് പദ്ധതി ആരംഭിച്ചതെന്നും ആറ്റുവെള്ളം തടഞ്ഞുനിര്‍ത്തിയാല്‍ ഉപ്പുവെള്ളം കയറുമെന്നുമാണ് മണ്‍റോത്തുരുത്തുകാരുടെ ആശങ്ക. മേജര്‍ ഇറിഗേഷന്റെ മെല്ലെപ്പോക്കാണ് പദ്ധതി നഷ്ടമാകാന്‍ കാരണമെന്നും ആക്ഷേപമുയര്‍ന്നു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 2013 ജൂണ്‍ 14ന് ശാസ്താംകോട്ടയിലെത്തി പ്രഖ്യാപിച്ച തടാകസംരക്ഷണ പദ്ധതികളില്‍ പ്രധാനപ്പെട്ടതായിരുന്നു കല്ലടയാറ്റിലെ പദ്ധതി. തടാകത്തിലെ അമിത ജലചൂഷണം തടയുന്നതിനാണ് കല്ലടയാറ്റില്‍നിന്നുള്ള വെള്ളമെടുത്ത് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന പദ്ധതിക്ക് അനുമതിയായത്. കല്ലടയാറ്റില്‍ കടപുഴ ഭാഗത്ത് തടയണ (റഗുലേറ്റര്‍ കം ബ്രിഡ്ജ്) നിര്‍മിച്ച് വെള്ളം തടഞ്ഞുനിര്‍ത്തി പമ്പ് ചെയ്ത് പൈപ്പുകള്‍ വഴി ശാസ്താംകോട്ട ഫില്‍റ്റര്‍ ഹൗസിലെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിനായിരുന്നു പദ്ധതി. മൊത്തം 34.5 കോടിയുടേതായിരുന്നു പദ്ധതി. ഇതില്‍ 19 കോടിയുടെ തടയണ നിര്‍മിക്കുന്നതിനുള്ള അനുമതി ഇറിഗേഷന്‍ വിഭാഗത്തിനാണ് നല്‍കിയത്. മൂന്നുവര്‍ഷത്തിനിടെ സാങ്കേതിക അനുമതിക്കായി എസ്റ്റിമേറ്റെടുത്ത് നല്‍കിയതല്ലാതെ ഒരുനടപടിയും ഇറിഗേഷന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇത് പദ്ധതി നഷ്ടമാകുന്നതിന് ഇടയാക്കി.

എന്നാല്‍ പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് പദ്ധതി ഉപേക്ഷിക്കുന്നത്. 14.5 കോടിയുടെ പദ്ധതിയാണിത്. കടപുഴമുതല്‍ തടാകത്തിലൂടെ ശാസ്താംകോട്ട ഫില്‍റ്റര്‍ ഹൗസ് വരെയാണ് പൈപ്പുകള്‍ സ്ഥാപിക്കുന്നത്. ഇതില്‍ ഡി.ബി.കോളേജിന്റെ മുന്‍ഭാഗംവരെ പൈപ്പ് സ്ഥാപിച്ചു. തടയണനിര്‍മാണം എങ്ങുമെത്താത്തതിനാല്‍ പൈപ്പിടുന്ന ജോലികളും നിര്‍ത്തിവച്ചു.  ഇതിനിടയില്‍ ഈ ജോലിയുടെ കരാര്‍ കാലാവധി ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ചു. പുതുക്കേണ്ടന്ന നിലപാടിലാണ് സര്‍ക്കാര്‍. അതിനാല്‍ പതിനാലരക്കോടി പാഴായ സ്ഥിതിയാണ്. കല്ലടയാറ്റില്‍ പുത്തൂര്‍ ഞാങ്കടവില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന പദ്ധതിയില്‍നിന്ന് വെള്ളം ശാസ്താംകോട്ടയിലെത്തിച്ച് വിതരണം ചെയ്യാനാണ് നിലവിലെ തീരുമാനം.