ശാസ്താംകോട്ട സബ്-ട്രഷറി നിര്‍മ്മാണം- പെന്‍ഷന്‍കാര്‍ സമരം തുടങ്ങി

Posted on: 23 Dec 2012ശാസ്താംകോട്ട:തുക അനുവദിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ശാസ്താംകോട്ട സബ്-ട്രഷറി നിര്‍മ്മാണം നടക്കാത്തതില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ (കെ.എസ്.എസ്. പി.യു.) ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി.

സബ്-ട്രഷറി നിര്‍മ്മാണം തുടങ്ങിയില്ലെങ്കില്‍ ശക്തമായ സമരപരമ്പരകള്‍ ഉണ്ടാകുമെന്ന് കെ.എസ്.എസ്.പി. യു. നേതാക്കള്‍ പറഞ്ഞു. 2013 മാര്‍ച്ച് 31 ന് മുമ്പ് നിര്‍മ്മാണം തുടങ്ങിയില്ലെങ്കില്‍ തുക നഷ്ടമാകുമെന്നും, ഈ സാഹചര്യത്തിലാണ് ശക്തമായ സമരവുമായി രംഗത്തെത്തുന്നതെന്നും നേതാക്കള്‍ പറയുന്നു. 30 വര്‍ഷം പഴക്കമുള്ള നിലവിലുള്ള കെട്ടിടം അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായി. മൂന്നുവര്‍ഷം മുമ്പ് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 70 ലക്ഷം രൂപ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി അനുവദിച്ചു. തുടര്‍ന്ന്, സര്‍ക്കാരിന്റെ കീഴിലുള്ളഇന്‍കെല്‍ എന്ന കമ്പനിയെ നിര്‍മ്മാണത്തിന് ചുമതലപ്പെടുത്തി. ട്രഷറിയുടെ പ്രവര്‍ത്തനം താത്കാലികമായി മറ്റെവിടേക്കെങ്കിലും മാറ്റിയാല്‍ മാത്രമേ നിലവിലുള്ള കെട്ടിടം പൊളിച്ച് നിര്‍മ്മാണം നടത്താന്‍ സാധിക്കൂ. ഇതിനായി പഞ്ചായത്ത് വക സാംസ്‌കാരിക നിലയം വിട്ടുനല്‍കാമെന്നും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, തുടര്‍ന്ന് നടപടികള്‍ സ്വീകരിക്കുന്നതില്‍ ട്രഷറി വകുപ്പ് താത്പര്യം കാണിക്കുന്നില്ലെന്നും കെ.എസ്.എസ്. പി. യു. ഭാരവാഹികള്‍ പറയുന്നു.

ശാസ്താംകോട്ട: ഫില്‍റ്റര്‍ ഹൗസ് ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് സബ്-ട്രഷറിയ്ക്ക് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ കോവൂര്‍ കുഞ്ഞുമോന്‍ എം. എല്‍. എ. ഉദ്ഘാടനം ചെയ്തു. എസ്.രാമന്‍പിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. ചന്ദ്രശേഖരന്‍പിള്ള, എന്‍. ജി. ഒ യൂണിയന്‍ താലൂക്ക് സെക്രട്ടറി രതീഷ്, ജോയിന്റ് കൗണ്‍സില്‍ നേതാവ് ശശിധരന്‍പിള്ള, കെ. കരുണാകരന്‍പിള്ള, കെ. എസ്. എസ്. പി. യു ബ്ലോക്ക് സെക്രട്ടറി കെ. കെ. ശിവശങ്കരപ്പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam