കല്ലടത്തണ്ണി ജലവൈദ്യുതപദ്ധതി ഉപേക്ഷിക്കണം

Posted on: 23 Dec 2012ചടയമംഗലം: ഇത്തിക്കര ആറ്റില്‍ സ്ഥാപിക്കുന്ന കല്ലടത്തണ്ണി മിനി ജലവൈദ്യുതപദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യം ശക്തമായി. 2003-ല്‍ പദ്ധതി ഉപേക്ഷിച്ചെങ്കിലും വീണ്ടും സര്‍വ്വേ തുടങ്ങി പദ്ധതി ആരംഭിക്കാനാണ് നീക്കം. പദ്ധതിപ്രദേശത്തെ ആളുകള്‍ക്ക് ദോഷംചെയ്യുന്ന തരത്തിലാണ് തുടങ്ങുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആറ്റില്‍ വന്‍തോതില്‍ വെള്ളം ഉയര്‍ന്നാല്‍ പ്രദേശവാസികളുടെ ജീവിതം ദുരിതത്തിലാകും. പ്രാഥമിക സര്‍വ്വേയില്‍ 128 വീടുകള്‍ ഒഴിപ്പിക്കപ്പെടുമെന്നാണ് പറഞ്ഞിരുന്നത്. എമേര്‍ജിങ് കേരളയില്‍ പദ്ധതി ഉള്‍പ്പെടുത്തി തുടങ്ങാനാണ് ഇപ്പോഴത്തെ നീക്കം.

ഇളമാട്, ചടയമംഗലം, വെളിനല്ലൂര്‍ പഞ്ചായത്തുകളിലെ നിരവധി ഏലാകള്‍ വെള്ളം കയറി നശിക്കുമെന്നും പറയുന്നു. പ്രശസ്തമായ അര്‍ക്കന്നൂര്‍ ആറാട്ടുകടവ്, മാടന്‍കാവ്, പോരേടം ക്ഷേത്രം, വട്ടത്തില്‍ കബര്‍സ്ഥാനം, കാവുങ്കല്‍ കാവ്, പെരപ്പയം തയ്ക്കാവ് തുടങ്ങിയവ വെള്ളത്തിലാകും. വസ്തുവകകള്‍ നഷ്ടപ്പെടുന്നതിനു പുറമെ 400-ല്‍പ്പരം കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ വീടും ഇല്ലാതാകും. മുമ്പ് ജനരോഷംമൂലം ഉപേക്ഷിച്ച പദ്ധതി വീണ്ടും തുടങ്ങാനുള്ള ശ്രമം ഏത് വിധത്തിലും ചെറുക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് വമ്പിച്ച പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ആക്ഷന്‍ കൗണ്‍സിലും രൂപവത്കരിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam