കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണം-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
Posted on: 23 Dec 2012
ചാത്തന്നൂര്‍: കല്ലുവാതുക്കല്‍, ചിറക്കര, പൂതക്കുളം പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്.മനോജ് ആവശ്യപ്പെട്ടു. കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ ജപ്പാന് കുടിവെള്ള പദ്ധതി നടപ്പാക്കിയിട്ടില്ല. കിണറുകളും കുളങ്ങളും വറ്റിയതോടെ ജനങ്ങള്‍ കുടിവെള്ളത്തിനായി നേട്ടോട്ടമോടുകയാണ്. ജലസേചന വകുപ്പിന്റെ പൈപ്പുകളിലൂടെ ജലവിതരണം മുടങ്ങിയിട്ട് ആഴ്ചകളായി. കല്ലട ഇറിഗേഷന്‍ കനാലിലൂടെ വെള്ളം തുറന്നുവിടാത്തതിനാല്‍ കൃഷിയും നശിക്കുകയാണ്. കുടിവെള്ള വില്പനസംഘങ്ങള് വിതരണം ചെയ്യുന്ന വെള്ളം പരിശോധിക്കാനുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ സ്വീകരിച്ചിട്ടില്ല. പൂതക്കുളം പഞ്ചായത്തില്‍ മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള പകര്‍ച്ചാവ്യാധികള്‍ പടരുകയാണ്. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ശുദ്ധജലം വിതരണം ചെയ്യാന്‍ പഞ്ചായത്തുകളും ജലസേചന വകുപ്പും നടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.