വരള്‍ച്ച ശക്തം; ജലക്ഷാമം രൂക്ഷം

Posted on: 23 Dec 2012ചാത്തന്നൂര്‍: കല്ലുവാതുക്കല്‍, ചിറക്കര, ചാത്തന്നൂര്‍ പഞ്ചായത്തുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. കിണറുകള്‍ വരണ്ടതോടെ വിലകൊടുത്ത് കുടിവെള്ളം വാങ്ങേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍. കെ.ഐ.പി.കനാല്‍ തുറന്നുവിടാന്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും വീടുകളില്‍ ജലം വിതരണംചെയ്യാന്‍ പഞ്ചായത്ത് അധികൃതരും നടപടികള്‍ സ്വീകരിച്ചിട്ടില്ല.

കല്ലുവാതുക്കല്‍ പഞ്ചായത്തിലെ വട്ടക്കുഴിക്കല്‍, വേളമാനൂര്‍, കുളമട, എഴിപ്പുറം, ചിറക്കര മേഖലകളിലും ചാത്തന്നൂര്‍ പഞ്ചായത്തിലെ വരിഞ്ഞം, കാരംകോട്, ഇടനാട്, മേലേവിള, വിളപ്പുറം, താഴംതെക്ക്, കോതേരി, ഉളിയനാട്, പാണിയില്‍ എന്നിവിടങ്ങളിലുമാണ് ജലക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നത്. ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ വടക്കേ മൈലക്കാട് പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുണ്ട്.

ശുദ്ധജലവിതരണത്തിനായി സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരംഭിച്ച പദ്ധതികളെല്ലാം നോക്കുകുത്തികളായി. ജലസംഭരണികള്‍ പൊട്ടിപ്പൊളിഞ്ഞും പൈപ്പ് ലൈനുകള്‍ തകര്‍ന്നും കിണറുകള്‍ കാടുപിടിച്ച് മാലിന്യം നിറഞ്ഞും കിടക്കുകയാണ്. കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. മോട്ടോറുകള്‍ തുരുമ്പെടുത്ത് നശിക്കുകയും മോഷണം പോകുകയും ചെയ്തിട്ടുണ്ട്.

ജനങ്ങള്‍ക്ക് ആശ്രയമായിരുന്ന കുളങ്ങളും തോടുകളുമടക്കമുള്ള ജലസ്രോതസ്സുകള്‍ വറ്റി. ചാത്തന്നൂരിലെ പല തണ്ണീര്‍ത്തടങ്ങളും നികത്തുകയും ചെയ്തതോടെ സമീപപ്രദേശങ്ങളിലെ കിണറുകളും വറ്റി. പാടശേഖരങ്ങള്‍ വ്യാപകമായി നികത്തിയതും ജലസ്രോതസ്സുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കി.

ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും വീടുകളില്‍ വെള്ളം വിതരണം ചെയ്യാന്‍ നടപടിയായിട്ടില്ല. പല പ്രദേശങ്ങളിലും ജലസേചന വകുപ്പിന്റെ പൈപ്പുകള്‍ തകര്‍ന്നു കിടക്കുന്നതിനാല്‍ കുടിവെള്ളവിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. ജലക്ഷാമം രൂക്ഷമായതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് നാട്ടുകാര്‍.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam