കാന്‍സര്‍ രോഗികള്‍ക്ക് മരുന്നിനേക്കാള്‍ പ്രധാനമാണ് സ്‌നേഹത്തോടെയുള്ള ഒരു തലോടല്‍ -ഡോ. ചെറിയാന്‍ കോശി

Posted on: 23 Dec 2012പരവൂര്‍: വേദന കടിച്ചമര്‍ത്തി ദിവസങ്ങള്‍ എണ്ണിനീക്കുന്ന കാന്‍സര്‍ രോഗികള്‍ക്ക് മരുന്നിനേക്കാള്‍ പ്രധാനമാണ് സഹജീവികളുടെ സ്‌നേഹത്തോടെയുള്ള ഒരു തലോടലെന്ന് തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ പാലിയേറ്റീവ് കെയര്‍ വിഭാഗം മേധാവി ഡോ. ചെറിയാന്‍ കോശി പറഞ്ഞു.

പരവൂരില്‍ ജനമൈത്രീ പോലീസ് സംഘടിപ്പിച്ച 'വേദനയും ഉപശമന പരിചരണവും' എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരിക്കലും ഭേദമാകില്ലെന്നറിയാവുന്ന രോഗമാണെങ്കിലും രോഗിയെ ഐ.സി.യു.വില്‍ മാസങ്ങളോളം കിടത്തി രോഗിയുടെയും ബന്ധുക്കളുടെയും കീശ ചോര്‍ത്തുന്ന പുതിയൊരു കച്ചവട ചികിത്സക്കാരുടെ തടവറയിലാണിന്ന് നമ്മള്‍. മരുന്നിന് നല്‍കാനാകാത്ത സാന്ത്വനം സ്‌നേഹത്തിലൂടെയും സംഗീതത്തിലൂടെയുംപോലും രോഗിക്ക് നല്‍കാന്‍ കഴിയുമെന്ന തിരിച്ചറിവിലാണ് ഇന്ന് ശാസ്ത്രലോകമെന്നും ഡോ. ചെറിയാന്‍ കോശി പറഞ്ഞു.

പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിനെക്കുറിച്ച് ഡോ. പ്രവീണ്‍ പൈയും ക്ലാസ്സെടുത്തു. 300 ലേറെ പേര്‍ പങ്കെടുത്ത സെമിനാറില്‍ പരവൂര്‍ സി.ഐ. ജവഹര്‍ ജനാര്‍ദ്ദ് സ്വാഗതം പറഞ്ഞു. ചാത്തന്നൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സന്തോഷ് കുമാര്‍ മുഖ്യാതിഥിയായി. സെമിനാറില്‍ പരവൂര്‍ നഗരസഭയിലെ ജനപ്രതിനിധികള്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വനിതാ സംഘടനാഭാരവാഹികള്‍, പൂതക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു. പരവൂര്‍ എസ്.ഐ. വിപിന്‍കുമാര്‍ നന്ദി പറഞ്ഞു. ജനമൈത്രി കമ്മ്യൂണിറ്റി റിലേഷന്‍ ഓഫീസര്‍ രഘുവരന്‍, സ്റ്റുഡന്റ് കേഡറ്റ് കോ-ഓര്‍ഡിനേറ്ററും സിവില്‍ പോലീസ് ഓഫീസറുമായ രാജേഷ് കുമാര്‍ എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam