നവലോകത്തിന്റെ നന്മകള്‍ ഗ്രാമീണര്‍ക്കും ലഭ്യമാകണം- ക്ലിമീസ് കാതോലിക്കാബാവ

Posted on: 23 Dec 2012ശാസ്താംകോട്ട: നവലോകം ആര്‍ജ്ജിക്കുന്ന വിദ്യാഭ്യാസത്തിന്റെ നന്മകള്‍ ഗ്രാമീണ ജനതയ്ക്കുകൂടി ഉപയുക്തമായാലേ വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങള്‍ എല്ലാവരിലും എത്തിയെന്ന് പറയാനാകൂവെന്ന് കര്‍ദ്ദിനാള്‍ ഡോ. മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ പറഞ്ഞു.

ശാസ്താംകോട്ട ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രജതജൂബിലി ബ്ലോക്കിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിലെ വിദ്യാഭ്യാസ സാധ്യതകള്‍ ഗ്രാമങ്ങള്‍ക്ക് നിക്ഷേധിക്കപ്പെടുകയാണ്. വിദ്യാഭ്യാസത്തിലൂടെ മാത്രമെ ഗ്രാമീണജനതയ്ക്ക് ഉയര്‍ച്ച ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് കേരളം ആര്‍ജ്ജിച്ചതുപോലെ വിദ്യാഭ്യാസരംഗത്ത് പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മുന്നേറ്റം ഉണ്ടാകുന്നത് ക്രൈസ്തവ മിഷനറിമാരുടെ ശ്രമങ്ങള്‍ കൊണ്ടാണെന്ന് രജതജൂബിലി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത കേന്ദ്ര തൊഴില്‍സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. മത്സരാധിഷ്ഠിതമായ ലോകത്ത് മാറ്റങ്ങള്‍ ഉണ്ടാകാന്‍ മികച്ച സ്ഥാപനങ്ങള്‍ സഭകള്‍ ഇനിയും സംഭാവന ചെയ്യണമെന്നും മന്ത്രി പറഞ്ഞു. ഫാ. ഡോ.എബ്രഹാം തലോത്തിലിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷവും നടന്നു. രാവിലെ കൊടുവിള മാര്‍ ഏലിയാസ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ കൃതജ്ഞതാബലിയോടെയാണ് ആഘോഷപരിപാടികള്‍ തുടങ്ങിയത്.

വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണോദ്ഘാടനം കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. നിര്‍വഹിച്ചു. ജൂബിലി സ്മാരകമായി സ്‌കൂളില്‍ പ്രസിദ്ധീകരിച്ച ജാഗ്രതയുടെ ജാലകം എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് നിര്‍വഹിച്ചു. റവ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം ആദ്യകോപ്പി ഏറ്റുവാങ്ങി. ഡോ. ജോസഫ് മാര്‍ തോമസ്, ഡോ. തോമസ് മാര്‍ അന്തോണിയോസ്, ഡോ. സാമുവല്‍ മാര്‍ ഐറേനിയസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍.ഗോപാലകൃഷ്ണപിള്ള, ജില്ലാ പഞ്ചായത്ത് അംഗം കാരുവള്ളില്‍ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വൈ.ഷാജഹാന്‍, പഞ്ചായത്ത് പ്രസിഡന്റ് എം.വി.താരാഭായി, തുണ്ടില്‍ നൗഷാദ്, പി.കെ.ഗോപന്‍, മേരിക്കുട്ടി, ഡോ. സി.ഉണ്ണിക്കൃഷ്ണന്‍, പി.ടി.എ.പ്രസിഡന്റ് ഡോ. തോമസ് അല്‍ഫോണ്‍സ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam