ഈ കരോള്‍ സംഗീതം രോഗികളുടെ കണ്ണീരൊപ്പാന്‍

Posted on: 23 Dec 2012പുനലൂര്‍: അര്‍ബുദ രോഗത്തിന്റെ വേദനയില്‍ പിടയുന്ന പാവപ്പെട്ട രോഗികള്‍ക്ക് തങ്ങളാലാവുന്ന സഹായം. പുനലൂര്‍ നഗരസഭയിലെ ചെമ്മന്തൂര്‍ വാര്‍ഡിലെ നെഹ്രുജി ദേശീയ വിചാരകേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ക്രിസ്മസ് കരോള്‍ സംഘത്തിന്റെ ഇത്തവണത്തെ ലക്ഷ്യം ഇതാണ്. കരോള്‍ പാടി നിര്‍ധന യുവതികളുടെ മംഗല്യംവരെ നടത്തിയിട്ടുള്ള സംഘത്തിന് ഈ ദൗത്യത്തിലും തികഞ്ഞ ആത്മവിശ്വാസമുണ്ട്. എന്നും കൂടെനിന്ന നാട്ടുകാര്‍ ഇക്കുറിയും ഒപ്പമുണ്ടാകുമെന്ന ആത്മവിശ്വാസം. പിരിഞ്ഞുകിട്ടുന്ന പണത്തില്‍നിന്ന് അര്‍ബുദരോഗികള്‍ക്ക് നല്‍കിക്കഴിഞ്ഞ് മിച്ചം വന്നാല്‍ വാര്‍ഡിലെ പ്രധാന പാതകളിലൊന്നായ റെയില്‍വേ സ്റ്റേഷന്‍-ആരംപുന്ന റോഡ് സഞ്ചാരയോഗ്യമാക്കുക എന്നതും സംഘം ഇക്കുറി ലക്ഷ്യം വയ്ക്കുന്നു.

കഴിഞ്ഞരാത്രി കരോള്‍സംഘം പര്യടനം തുടങ്ങി. വിചാരകേന്ദ്രം ചെയര്‍മാനും നഗരസഭാ കൗണ്‍സിലറുമായ ഏബ്രഹാം ജോര്‍ജാണ് സംഘത്തിന്റെ നായകന്‍. ചെന്നയിടങ്ങളിലെല്ലാം ഗംഭീര സ്വീകരണമാണ് സംഘത്തിന് ലഭിച്ചത്.

1996-ല്‍ പാടാന്‍ തുടങ്ങിയ സംഘത്തിന് നന്മയുടെ കഥകളേ പറയാനുള്ളൂ. നാനാജാതി മതസ്ഥരുടെ കൂട്ടായ്മയായ ഈ കരോള്‍ സംഘത്തിന് ലഭിച്ച ഓരോ രൂപയും ചെലവഴിച്ചത് നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും. ആദ്യവര്‍ഷം പിരിഞ്ഞുകിട്ടിയ 12,000 രൂപകൊണ്ട് ചെമ്മന്തൂര്‍ വാര്‍ഡിലെ ഇടവഴി റോഡാക്കി. 2000 ല്‍ പിരിഞ്ഞുകിട്ടിയ 16,000 രൂപകൊണ്ട് വയല്‍ ഏറ്റെടുത്ത് ചെമ്മന്തൂര്‍-കുരിശടി റോഡുണ്ടാക്കി. പിറ്റേക്കൊല്ലം കരോളിലൂടെ കിട്ടിയ 19,000 രൂപ കൊണ്ട് ഈ റോഡ് പുനരുദ്ധരിച്ചു. ഇന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരുമൊക്കെ ഏറ്റവുമധികം ഉപയോഗിക്കുന്ന, പുനലൂരിലെ പ്രധാന സമാന്തര പാതകളിലൊന്നാണിത്. 2002 ല്‍ ലഭിച്ച 20,000 രൂപയ്‌ക്കൊപ്പം ഏബ്രഹാം ജോര്‍ജിന്റെ സംഭാവനയായി 8,000 രൂപകൂടി ചേര്‍ത്ത്, വാര്‍ഡിലെ നിര്‍ധനരായ കുമാര്‍-ലളിത ദമ്പതിമാര്‍ക്ക് തൊട്ടടുത്ത പത്തേക്കര്‍ വാര്‍ഡില്‍ മൂന്ന് സെന്റ് ഭൂമി വാങ്ങി നല്‍കി. 2004 ല്‍ ലഭിച്ച 30,000 രൂപയില്‍ 10,000 രൂപ ചെരുപ്പുകുത്തി ജീവിതമാര്‍ഗം കണ്ടെത്തുന്ന മണി-വെള്ളിയമ്മ ദമ്പതിമാരുടെ മകള്‍ ശെല്‍വിക്ക് വിവാഹധനസഹായമായി നല്‍കി. ഊമയും ബധിരയുമായ മിനി, നിര്‍ധന ദമ്പതിമാരായ ശിവന്‍-സുധ, കക്കോട് വാര്‍ഡിലെ കമലമ്മ തുടങ്ങിയവരൊക്കെ കരോള്‍ സംഘത്തിന്റെ സഹായത്തിന് അര്‍ഹരായവരാണ്. കരോള്‍ സംഘത്തിന്റെ നന്മയും ഉദ്ദേശ്യലക്ഷ്യങ്ങളും തിരിച്ചറിയുന്ന നാട്ടുകാരുടെ കലവറയില്ലാത്ത സ്‌നേഹവും സഹായവുമാണ് തങ്ങളുടെ പിന്‍ബലവും പ്രചോദനവുമെന്ന് ഏബ്രഹാം ജോര്‍ജ് പറയുന്നു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam