രചനാപരമായ പ്രശ്‌നങ്ങളുടെ ചര്‍ച്ചയ്ക്ക് സദസ്സ് കുറയുന്നു -അശോകന്‍ ചരുവില്‍

Posted on: 23 Dec 2012കൊട്ടാരക്കര: രചനാപരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്ന അനൗപചാരിക സദസ്സുകള്‍ കുറഞ്ഞുവരികയാണെന്ന് കഥാകൃത്തും പി.എസ്.സി. അംഗവുമായ അശോകന്‍ ചരുവില്‍. മാധ്യമങ്ങള്‍ ആഘോഷമാക്കുന്ന മാമാങ്കങ്ങള്‍ മാത്രമായി ഇന്നത്തെ എഴുത്ത് സദസ്സുകള്‍. രചനാപരമായ വിഷയങ്ങള്‍ ഇവര്‍ക്ക് ബാധകമല്ല -അദ്ദേഹം പറഞ്ഞു.

കൊട്ടാരക്കര അക്ഷരം കലാസാഹിത്യവേദിയും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്ന് നടത്തിയ സംസ്ഥാനതല ദ്വിദിന ചെറുകഥാ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവീന ജീവിതം കൊണ്ടുവന്നാലേ കഥയില്‍ നവീനഭാഷയുണ്ടാകൂ. ഇതാണ് എഴുത്തുകാരന്റെ വലിയ പ്രശ്‌നം. ജീവിതത്തെ എഴുതി ആവിഷ്‌കരിക്കുക വിലിയ ബുദ്ധിമുട്ടാണ്. ഇവിടെയാണ് കഥാകാരന്‍ വ്യത്യസ്തനാകേണ്ടത്. എഴുത്തുകാരന്‍ ഭയക്കേണ്ടത് വായനക്കാരനെയാണെന്നും ഏതു ജീവിതം കൊണ്ടുവരുന്നു എന്നിടത്താണ് കഥാകാരന്റെ രാഷ്ട്രീയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കവി കുരീപ്പുഴ ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കഥയായാലും കവിതയായാലും വിഷയങ്ങളെ എങ്ങനെ ആവിഷ്‌കരിക്കുന്നു എന്നതിലാണ് പ്രസക്തിയെന്ന് കവി ചൂണ്ടിക്കാട്ടി. സംഘാടകസമിതി ചെയര്‍മാന്‍ കെ.വാസുദേവന്‍ അധ്യക്ഷനായി. അക്ഷരം കലാസാഹിത്യവേദി ചെയര്‍മാന്‍ പല്ലിശ്ശേരി ആമുഖ പ്രഭാഷണം നടത്തി. ശില്പശാലാ ഡയറക്ടര്‍ എ.നാസര്‍ സംസാരിച്ചു. സെക്രട്ടറി അഡ്വ. വി.കെ.സന്തോഷ് കുമാര്‍ സ്വാഗതവും മണ്ണടി ചാണക്യന്‍ നന്ദിയും പറഞ്ഞു.

ചെറുകഥയിലെ ആഖ്യാനവ്യതിയാനങ്ങളെപ്പറ്റി കഥാ- തിരക്കഥാ കൃത്ത് പി.കെ.ഭരതനും ഞാനെന്തിനുകഥയെഴുതുന്നു എന്ന വിഷയത്തില്‍ സംവിധായകന്‍ വിജയകൃഷ്ണനും പത്രപ്രവര്‍ത്തനവും കഥയെഴുത്തും എന്ന വിഷയത്തില്‍ വിനു എബ്രഹാമും ക്ലാസ് നയിച്ചു. തുടര്‍ന്ന് കഥാപരിചയം, ചര്‍ച്ച എന്നിവയുമുണ്ടായിരുന്നു. കൊട്ടാരക്കര നാഥന്‍ പ്ലാസയില്‍ നടക്കുന്ന ശില്പശാല ഞായറാഴ്ച സമാപിക്കും.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam