പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിലൂടെ യുവാക്കളുടെ ഭാവി ഇരുട്ടിലാക്കി-എ.എ.അസീസ് എം.എല്‍.എ.

Posted on: 23 Dec 2012ശാസ്താംകോട്ട: പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിലൂടെ കേരളത്തിലെ യുവതീയുവാക്കളുടെ ഭാവി ഇരുട്ടിലാക്കിയിരിക്കുകയാണെന്ന് ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ.അസീസ് എം.എല്‍.എ. പറഞ്ഞു.

ശാസ്താംകോട്ടയില്‍ നടക്കുന്ന ആര്‍.വൈ.എഫ്. ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം പത്തു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാക്കാനാണ് സര്‍ക്കാര്‍ ശ്രമം. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കി സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തതിന് പിന്നാലെയാണിത്. ഇതു സംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ച ഉണ്ടായപ്പോള്‍ ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ചചെയ്ത് സമവായത്തിലെത്തിയശേഷമേ നടപ്പാക്കൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ ഇതുതന്നെയാണ് പറഞ്ഞത്. പിന്നീട്, ജീവനക്കാരുടെ സംഘടനകളുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയത്. ഇതുതന്നെയാകും ശമ്പളപരിഷ്‌കരണം സംബന്ധിച്ച ശുപാര്‍ശ നടപ്പാക്കുന്ന കാര്യത്തിലും ഉണ്ടാകുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ യുവാക്കളുടെ ഭാവി ശോഭനമല്ലെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യുവാക്കളെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ യുവാക്കളുടെ സംഘടനകളുടെ പ്രതികരണം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അബ്ദുല്‍നാസര്‍ മഅദനിയ്ക്കും എം.എം.മണിക്കും ഒരു നീതിയും കൊലയാളി സംഘത്തിലെ ഇറ്റാലിയന്‍ നാവികര്‍ക്ക് മറ്റൊരു നീതിയും നടപ്പാക്കുകവഴി രണ്ടുതരം നീതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് അഡ്വ.ബി.ബൈജു അധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എന്‍.കെ. പ്രേമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അഡ്വ. ഫിലിപ്പ് കെ.തോമസ്, കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ., യു.ടി.യു.സി. ജില്ലാ പ്രസിഡന്റ് ടി.സി. വിജയന്‍, ആര്‍.വൈ.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍.അജിത്കുമാര്‍, ഐക്യകര്‍ഷകസംഘം ജില്ലാ സെക്രട്ടറി സൈമണ്‍ ഗ്രിഗറി, ഐക്യമഹിളാ സംഘം ജില്ലാ സെക്രട്ടറി മീനാകുമാരി, യു.പി.എസ്.യു. ജില്ലാ പ്രസിഡന്റ് അഡ്വ.ഉല്ലാസ്‌കുമാര്‍, കെ.ജി.ഇ.യു. പ്രസിഡന്റ് എസ്.സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബിജു ലക്ഷ്മികാന്തന്‍ രക്തസാക്ഷി പ്രമേയവും പുലന്തറ നൗഷാദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ഇടവനശ്ശേരി സുരേന്ദ്രന്‍ സ്വാഗതവും ആര്‍.വൈ.എഫ്. സംസ്ഥാന ജോയിന്റ് സെക്രട്ടറി കോവൂര്‍ മോഹനന്‍ നന്ദിയും പറഞ്ഞു. രാവിലെ പ്രകടനവും നടന്നു. ഞായറാഴ്ച വൈകിട്ട് നടക്കുന്ന സമാപനസമ്മേളനം ആര്‍.എസ്.പി. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം വി.പി.രാമകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam