കരിമീന്‍കൃഷി: വിളവെടുപ്പ് നടത്തി

Posted on: 23 Dec 2012കൊല്ലം: മത്സ്യകേരളം കരിമീന്‍വര്‍ഷം പദ്ധതിയില്‍ ഉള്‍പ്പെട്ട തെക്കുംഭാഗം പഞ്ചായത്തിലെ നാല് സ്വയംസഹായ സംഘങ്ങളുടെ കരിമീന്‍കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍.ഗോപാലകൃഷ്ണപിള്ള നിര്‍വഹിച്ചു.

കാര്‍ഷികമേഖലയിലും ഉള്‍നാടന്‍ മത്സ്യോത്പാദന രംഗത്തും സ്വയംപര്യാപ്തത കൈവരിക്കേണ്ടത് അനിവാര്യമാണെന്നും കായലോര മേഖലയില്‍ സ്വാദിഷ്ടമായ കരിമീന്‍ കൃഷിയിലൂടെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നത് നേട്ടമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ദളവാപുരം-പള്ളിക്കോടി കായല്‍ പ്രദേശങ്ങള്‍ കരിമീന്‍കൃഷിക്ക് അനുയോജ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന മത്സ്യമായ കരിമീന്‍മത്സ്യത്തിന്റെ സംരക്ഷണത്തിനും ഉത്പാദന വര്‍ധനയ്ക്കുമായി മത്സ്യകേരളം കരിമീന്‍വര്‍ഷം പദ്ധതി പ്രകാരം കൂടുകളില്‍ കൃഷിചെയ്ത സംഘങ്ങളുടെ വിളവെടുപ്പാണ് നടന്നത്. ഒരു ക്യൂബിക് മീറ്റര്‍ വലിപ്പമുള്ള അഞ്ച് കൂടുകളടങ്ങുന്നതാണ് ഒരു യൂണിറ്റ്. യൂണിറ്റിന്റെ അടങ്കല്‍ തുകയായ അമ്പതിനായിരത്തില്‍ 37500 രൂപ സബ്‌സിഡിയായി നല്‍കും. ഒരു കൂട്ടില്‍ 200 മത്സ്യവിത്താണ് നിക്ഷേപിക്കുന്നത്. അതിജീവനനിരക്ക് 80 ശതമാനമാണ്. എട്ടുമാസംകൊണ്ട് ഇവ വിളവെടുപ്പിന് അനുയോജ്യമായ വളര്‍ച്ച കൈവരിക്കും.

ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജെ.ശ്രീകുമാര്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം വിഷ്ണു വിജയന്‍, ബ്ലോക്ക് പഞ്ചായത്തംഗം വസന്തസേനന്‍, ഗ്രാമപ്പഞ്ചായത്തംഗം കെ.സിന്ധു എന്നിവര്‍ സംസാരിച്ചു.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam