മാധുര്യത്തിന്റെ രുചിക്കൂട്ടുമായി ക്രിസ്മസ് കേക്കുകള്‍

Posted on: 23 Dec 2012കൊല്ലം:നിത്യജീവിതം പ്രദാനം ചെയ്യുന്ന ജീവന്റെ അപ്പമാണ് യേശുവിന്റെ ശരീരം. അപ്പം ശരീരവും വീഞ്ഞ് രക്തവുമാകുമ്പോള്‍ ക്രിസ്മസ് ഒരേസമയം രക്ഷകന്റെ ജനനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണികയാകുന്നു. കേക്കില്‍ പുതുരുചികള്‍ പിറക്കുന്നുണ്ടെങ്കിലും പ്ലം കേക്കിന്റെ മാധുര്യത്തിന് ഇത്തവണത്തെ ക്രിസ്മസിനും ഒട്ടും കുറവു വന്നിട്ടില്ല. ഈന്തപ്പഴവും കിസ്മസും അത്തിപ്പഴവുമൊക്കെയുള്ള റിച്ച് പ്ലം കേക്കിന് കിലോയ്ക്ക് 350 രൂപ മുതലാണ് വില. സാധാരണ പ്ലം കേക്കിന് 200 മുതലും. പ്ലം കേക്കിന് കാരാമലൈസ് ചെയ്ത പഞ്ചസാര നല്‍കുന്ന ബ്രൗണ്‍ നിറം ഇഷ്ടമില്ലാത്തവര്‍ക്ക് വാനില, ബട്ടര്‍, ചെറി ഇങ്ങനെ വ്യത്യസ്ത ഫ്‌ളേവറിലുള്ള കേക്കുകളുമുണ്ട്.

അലങ്കരിച്ച ഐസിങ് കേക്കുകള്‍ വേണമെങ്കില്‍ അതിലും വ്യത്യസ്തതയുണ്ട്. വാനില, ബട്ടര്‍, ചോക്ക്‌ളേറ്റ് ഐസിങ്ങുകള്‍ ലഭ്യമാണ്.

ഐസ്‌ക്രീമിന്റെ രുചി ഓര്‍മ്മിപ്പിക്കുന്ന ഫ്രഷ് ക്രീം കേക്കുകളും വിപണിയിലുണ്ട്. ഫ്രിഡ്ജില്‍ വച്ചുപയോഗിക്കുന്നവയാണ് ഇവ. സ്‌ട്രോബെറി, വാനില, ചോക്ക്‌ളേറ്റ് പാളികളുള്ള സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ കേക്കിന് ആവശ്യക്കാരുണ്ടെങ്കിലും സമയമില്ലാത്തതിനാല്‍ ചെയ്തുകൊടുക്കുന്നില്ലെന്ന് കൊല്ലം അമലാ ബേക്കറിയുടമ ജിജി ജോസഫ് പറയുന്നു. 1000-1500 കേക്കുകള്‍ ഒരു ദിവസം ചെലവാകുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നു.

പുറംരാജ്യങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യുന്ന ബ്ലാക്ക്‌ബെറി, ബ്ലൂബെറി കേക്കുകള്‍ അത്ര ഹിറ്റായിട്ടില്ല നാട്ടില്‍. പ്രമേഹരോഗികള്‍ക്ക് ആശ്വാസമായി ഷുഗര്‍ഫ്രീ കേക്കും വെജിറ്റേറിയനുകള്‍ക്ക് മുട്ട ചേര്‍ക്കാത്ത വെജിറ്റേറിയന്‍ കേക്കും തിരഞ്ഞെടുക്കാം. മുട്ടയ്ക്ക് പകരം വിദേശനിര്‍മ്മിത പൊടികളാണ് മയംകിട്ടുന്നതിന് വെജിറ്റേറിയന്‍ കേക്കുകളില്‍ ചേര്‍ക്കുന്നത്. ഷുഗര്‍ഫ്രീ ഗ്ലൂക്കോസാണ് ഷുഗര്‍ഫ്രീ കേക്കുകളുടെ സൃഷ്ടിക്കുപയോഗിക്കുന്നത്. വീട്ടിലേക്കുള്ളതും ഗിഫ്റ്റ് നല്‍കാനും റെഡിയാണ് കടകളില്‍. കൈ പൊള്ളാതെ ക്രിസ്മസ് ആഘോഷിക്കാന്‍ ചെറിയ തൂക്കത്തില്‍ പായ്ക്ക് ചെയ്ത കേക്കുകളുമുണ്ട് വിപണിയില്‍. വീഞ്ഞില്ലാതെ ആഘോഷമില്ലെന്ന് തോന്നുന്നവര്‍ക്ക് വീഞ്ഞും ലഭിക്കും. 750 മില്ലിക്ക് 100 രൂപ മുതലാണ് വീഞ്ഞിന്റെ വില. കേക്കും വീഞ്ഞും തയ്യാറാക്കാന്‍ നടത്തിയ മുന്നൊരുക്കങ്ങള്‍ മാസങ്ങള്‍ക്കുമുമ്പേ തുടങ്ങിയതാണെന്ന് വിപണനക്കാര്‍ പറയുന്നു. വരുംദിവസങ്ങളില്‍ കേക്ക് വിപണി കൂടുതല്‍ ഉഷാറാവുമെന്ന പ്രതീക്ഷയിലാണ് അവര്‍.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam