ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍.ഗോപാലകൃഷ്ണപിള്ള രാജിവച്ചു

Posted on: 23 Dec 2012കൊല്ലം:ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അര്‍.ഗോപാലകൃഷ്ണപിള്ള രാജിവച്ചു. ശനിയാഴ്ച വൈകിട്ട് രാജിക്കത്ത് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി.

സി.പി.എമ്മും സി.പി.ഐ.യും തമ്മില്‍ പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി ഉടലെടുത്ത തര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടാക്കിയ എല്‍.ഡി.എഫിലെ ധാരണയനുസരിച്ചാണ് അദ്ദേഹം രാജിവച്ചത്. സി.പി.എമ്മിലെ എസ്.ജയമോഹന്‍ പുതിയ പ്രസിഡന്റാകും. നിലവിലെ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ് എസ്.ജയമോഹന്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ജയമോഹന്‍ കരവാളൂര്‍ ഡിവിഷനില്‍നിന്നാണ് വിജയിച്ചത്. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്.

തിരഞ്ഞെടുപ്പു കമ്മീഷന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുംവരെ ഗോപാലകൃഷ്ണപിള്ളയ്ക്കായിരിക്കും പ്രസിഡന്റിന്റെ ചുമതല.

രണ്ടുവര്‍ഷംകൊണ്ട് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെയാണ് അധികാരമൊഴിയുന്നതെന്ന് രാജിവയ്ക്കുന്നതിനുമുമ്പ് നടത്തിയ പത്രസമ്മേളനത്തില്‍ അഡ്വ. ആര്‍.ഗോപാലകൃഷ്ണപിള്ള പറഞ്ഞു.

ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും കാര്‍ഷികമേഖലയിലും ഒട്ടേറെ മാതൃകാപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ തന്റെ നേതൃത്വത്തിലുള്ള ജില്ലാ പഞ്ചായത്ത് ഭരണത്തിന് കഴിഞ്ഞൂവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ജില്ലാ ആസൂത്രണസമിതി മന്ദിരത്തിന്റെ ശിലാസ്ഥാപനവും ജില്ലാ ആസ്​പത്രിയുടെ സമഗ്രവികസനവും എടുത്തുപറയേണ്ട നേട്ടങ്ങളാണ്.

ജില്ലാ ആസ്​പത്രി മെഡിക്കല്‍ കോളേജാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. പുതിയ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ മൂന്നുകോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ജില്ലാ ആസ്​പത്രിയിലും വിക്ടോറിയ ആസ്​പത്രിയിലുമായി നടത്തിയത്. സ്‌കാനിങ് സെന്റര്‍, ട്രോമാകെയര്‍, ഡി അഡിക്ഷന്‍ സെന്റര്‍ മൊബൈല്‍ മോര്‍ച്ചറി, എച്ച്.ഐ.വി. ബാധിതര്‍ക്ക് പോഷകാഹാരം എന്നിവ നടപ്പാക്കി. പാലിയേറ്റിവ് കെയര്‍ യൂണിറ്റും സ്ഥാപിച്ചു. ജില്ലാ ആയുര്‍വേദ ആസ്​പത്രിയിലും ജില്ലാ ഹോമിയോ ആസ്​പത്രികളിലും ഒട്ടേറെ വികസനങ്ങള്‍ നടത്താനായെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസമേഖലയില്‍ വിജയസോപാനം, പുലരി, ഉണര്‍വ്, ജാലകം, രക്ഷിതാവറിയാന്‍ തുടങ്ങിയ പദ്ധതികളിലൂടെ സാമൂഹികബോധമുള്ള പുതു തലമുറയെ സൃഷ്ടിക്കാന്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാനായി.

കാര്‍ഷികമേഖലയില്‍ 400 ഏക്കറില്‍ യന്ത്രവത്കൃത കൃഷി നടപ്പാക്കി. അടുത്തവര്‍ഷത്തോടെ ജില്ലയില്‍ മുഴുവന്‍ കൃഷി ആരംഭിക്കും. ഇതോടെ ജില്ല ഭക്ഷ്യമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വടക്കാഞ്ചേരി മോഡല്‍ നെല്‍ക്കൃഷി വ്യാപനം, ഫാം ടൂറിസം, തോട്ടത്തറ ഫാമില്‍ കാര്‍ഷികമ്യൂസിയം എന്നിവയും നടപ്പാക്കി.

വികലാംഗര്‍ക്ക് സ്‌കൂട്ടര്‍ വിതരണം, 50 പട്ടികജാതി കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം, ശരണാലയം എന്നിവയും നടപ്പാക്കാനായെന്നും അഡ്വ. ഗോപാലകൃഷ്ണപിള്ള പറഞ്ഞു.

പൊതുമരാമത്ത് മേഖലയിലും നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തി. 80 റോഡുകളുടെ നിര്‍മ്മാണത്തിനും പുനരുദ്ധാരണത്തിനുമായി 17 കോടിയും വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനായി 7.50 കോടിയും ചെലവഴിച്ചു. വെളിയം പഞ്ചായത്തിലെ തണ്ണേറ്റ് പാലത്തിന് 65 ലക്ഷത്തിന്റെ ഭരണാനുമതി ലഭിച്ചതും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലെ എടുത്തുപറയത്തക്ക നേട്ടങ്ങളാണെന്ന് സ്ഥാനമൊഴിഞ്ഞ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

രാഷ്ട്രീയകക്ഷിഭേദമെന്യേ മുഴുവന്‍ അംഗങ്ങളും ഉദ്യോഗസ്ഥരും തനിക്ക് അകമഴിഞ്ഞ പിന്തുണയാണ് നല്‍കിയതെന്നും ഇതില്‍ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചടയമംഗലം ഡിവിഷനില്‍നിന്ന് വന്‍ ഭൂരിപക്ഷത്തോടെയാണ് അഡ്വ. ആര്‍.ഗോപാലകൃഷ്ണ പിള്ള ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ചത്. രണ്ടുവട്ടം ജില്ലാ സഹകരണബാങ്കിന്റെ പ്രസിഡന്റായിരുന്നു.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam