കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. യെ ആക്രമിക്കാന്‍ ശ്രമം

Posted on: 23 Dec 2012ശാസ്താംകോട്ട:ബൈക്കിലെത്തിയ യുവാക്കള്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. യെ ആക്രമിക്കാന്‍ ശ്രമിച്ചു. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ ശാസ്താംകോട്ട ജങ്ഷനിലാണ് സംഭവം.

ആര്‍.വൈ. എഫ്. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി ശാസ്താംകോട്ടയില്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് അക്രമശ്രമം ഉണ്ടായത്. മൂന്ന് യുവാക്കളാണ് ബൈക്കില്‍ ഉണ്ടായിരുന്നത്. എം.എല്‍.എ.യും ആര്‍.വൈ.എഫ്, ആര്‍.എസ്.പി. പ്രവര്‍ത്തകരും കൂടിനില്‍ക്കുന്നതിനിടയിലൂടെ ഇവര്‍ ബൈക്ക് ഓടിച്ചുകയറ്റി. എം.എല്‍.എ. പെട്ടെന്ന് ഒഴിഞ്ഞുമാറിയതിനാല്‍ അപകടം ഒഴിവായി.

കൈയിലുണ്ടായിരുന്ന മദ്യക്കുപ്പി റോഡില്‍ എറിഞ്ഞ് പരിഭ്രാന്തി പരത്തിയശേഷം സംഘം ജങ്ഷന് കിഴക്കുഭാഗത്തേക്ക് പോയി. അല്പസമയം കഴിഞ്ഞപ്പോള്‍ തിരിച്ചെത്തിയ സംഘം വീണ്ടും എം.എല്‍. എ.യ്ക്ക് അരികിലൂടെ സമ്മേളനം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ മുറ്റത്തേക്ക് ബൈക്ക് ഓടിച്ചുകയറ്റി. ബൈക്കിടിച്ച് ഇവിടെ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ന്നു. ബൈക്ക് പൂട്ടിവച്ചശേഷം യുവാക്കള്‍ സ്ഥലംവിട്ടു. ഓടിക്കൂടിയ ആര്‍.വൈ.എഫ്. പ്രവര്‍ത്തകര്‍ യുവാക്കളില്‍ ഒരാളെ പിടികൂടിയെങ്കിലും അയാളും രക്ഷപ്പെട്ടു. കൊട്ടാരക്കര ഡിവൈ.എസ്.പി. കെ.എം.ആന്‍േറായുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. ബൈക്ക് കസ്റ്റഡിയിലെടുത്തു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam