രവീന്ദ്രനെ ഇന്ന് ജന്മനാട് അനുസ്മരിക്കും

Posted on: 04 Feb 2012



കുളത്തൂപ്പുഴ:ചലച്ചിത്രസംഗീതജ്ഞന്‍ രവീന്ദ്രനെ ശനിയാഴ്ച ജന്മനാട് അനുസ്മരിക്കും. ഗ്രാമപ്പഞ്ചായത്ത് സംഘടിപ്പിച്ചിട്ടുള്ള പ്രതിഭാസംഗമത്തിന്റെയും പൊതുസമ്മേളനത്തിന്റെയും ഭാഗമായാണ് അനുസ്മരണം. വൈകിട്ട് ആറിന് ഗവ. യു.പി.സ്‌കൂളിലെ പ്രധാന വേദിയിലാണ് ചടങ്ങ്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.സുഭിലാഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം അഡ്വ. കെ.രാജു എം.എല്‍.എ.ഉദ്ഘാടനം ചെയ്യും. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, അനില്‍ പനച്ചൂരാന്‍, സോഹന്റോയ് തുടങ്ങിയവര്‍ അനുസ്മരണപ്രഭാഷണങ്ങള്‍ നടത്തും. പീതാംബരക്കുറുപ്പ് എം.പി., എസ്.ജയമോഹന്‍, ജി.പ്രമോദ്, അഡ്വ. എസ്.ഇ.സഞ്ജയ്ഖാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രതിഭാസംഗമത്തിന്റെ ഭാഗമായുള്ള കലാമത്സരങ്ങള്‍ ഗവ. യു.പി.സ്‌കൂളിലെ നാല് വേദികളിലായി ശനിയാഴ്ചയും തുടരും. നൃത്തമത്സരങ്ങളില്‍ സ്‌കൂളുകള്‍ തമ്മിലുള്ള വീറുംവാശിയും മത്സരങ്ങളുടെ നിലവാരം ഉയര്‍ത്തിയിട്ടുണ്ട്.

ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ 30 ഓളം സ്‌കൂളുകളില്‍ നിന്നുള്ള കലാപ്രതിഭകളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.

More News from Kollam