വിലങ്ങറ കാവടിയാട്ടം: വേല്‍ ഘോഷയാത്ര ഇന്ന്

Posted on: 04 Feb 2012



കൊട്ടാരക്കര: വിലങ്ങറ കാവടിയാട്ടത്തിന് മുന്നോടിയായുളള വേല്‍ ഘോഷയാത്ര ശനിയാഴ്ച നടക്കും. വൈകിട്ട് അഞ്ചിന് കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തില്‍നിന്ന് അലങ്കരിച്ച വാഹനങ്ങളുടെ അകമ്പടിയോടെയാണ് വേലുകള്‍ കൊണ്ടുപോകുന്നത്. ഏഴിനാണ് പ്രസിദ്ധമായ വിലങ്ങറ കാവടിയാട്ടം. താലൂക്കിലെ അറുപതിലധികം ക്ഷേത്രങ്ങളില്‍നിന്നുളള സ്വാമിമാര്‍ കാവടിയാട്ടത്തില്‍ പങ്കുചേരും.

ഇരുപതടിയോളം നീളമുളള വേലുകളാണ് എത്തിക്കുന്നത്. ഇവ കവിളില്‍ ധരിച്ചാണ് സ്വാമിമാര്‍ തൈപ്പൂയദിവസം ഉറഞ്ഞുതുളളുക. കാവടിയേന്താന്‍ വ്രതം നോല്‍ക്കുന്ന സ്വാമിമാരാണ് വേല്‍ ഏന്തുന്നത്. ഗണപതിക്ഷേത്രം വലംവച്ചു തൊഴുത് വേലുകള്‍ അലങ്കരിച്ച വാഹനത്തിലേക്ക് മാറ്റും. തുടര്‍ന്ന് വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് വിലങ്ങറയില്‍ എത്തും. ഉള്ളൂര്‍ ബാലസുബ്രഹ്മണ്യക്ഷേത്രത്തില്‍നിന്നാണ് വേലുകള്‍ എത്തിക്കുക.

പുലര്‍ച്ചെ നാലിന് ആരംഭിക്കുന്ന പനിനീര്‍ കാവടിയാട്ടത്തോടെയാണ് ഈ വര്‍ഷത്തെ കാവടിയാട്ടത്തിന് തുടക്കം കുറിക്കുക. തുടര്‍ന്ന് ഇളനീര്‍ കാവടിയാട്ടം, തൈപ്പൂയ കാവടിയാട്ടം, ഭസ്മക്കാവടിയാട്ടം എന്നിവയുണ്ട്. രാത്രിയില്‍ അഗ്‌നിക്കാവടിയാട്ടത്തോടെ സമാപനമാകും. ഏഴിന് ഉച്ചയ്ക്കാണ് പ്രധാന കാവടിയാട്ടം നടക്കുന്നത്. വിലങ്ങറ ഇണ്ടിളയപ്പന്‍ ക്ഷേത്രത്തില്‍നിന്നാണ് കാവടി ഘോഷയാത്ര പുറപ്പെടുക. കഠിനവ്രതം അനുഷ്ഠിച്ച സ്വാമിമാര്‍ പീലിക്കാവടിയുമേന്തി നൃത്തം ചവിട്ടുമ്പോള്‍ താലൂക്കിലെ വിവിധ ക്ഷേത്രങ്ങളില്‍നിന്ന് എത്തുന്ന ഭക്തരും കാവടിയുമായി ഒപ്പം കൂടും. ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കാവടിയും വിലങ്ങറ ഏറം ആയിരവല്ലി ക്ഷേത്രത്തില്‍നിന്നുളള പഞ്ചലോഹക്കാവടിയും കാവടിയാട്ടത്തില്‍ എഴുന്നള്ളിക്കും.

കാവടിയാട്ടത്തിനു മുന്നോടിയായി ശ്രീകോവില്‍ പിത്തള പൂശി കമനീയമാക്കിയിട്ടുണ്ട്. കാവടിയാട്ടത്തിനുളള ക്രമീകരണങ്ങളും പൂര്‍ത്തീകരിച്ചു. വിവിധ കെ.എസ്.ആര്‍.ടി.സി.ഡിപ്പോകളില്‍നിന്ന് വിലങ്ങറയിലേക്ക് പ്രത്യേക സര്‍വീസുകളും ക്രമീകരിച്ചിട്ടുണ്ടെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു.

Tags:    . Kerala. കേരളം

More News from Kollam