പുത്തൂരില്‍ ഗതാഗതപരിഷ്‌കരണ നടപടികള്‍ തുടങ്ങി
Posted on: 04 Feb 2012
പുത്തൂര്‍: ഗതാഗതക്കുരുക്കില്‍ ശ്വാസംമുട്ടുന്ന പുത്തൂരില്‍ പരിഹാരനടപടികള്‍ ആരംഭിച്ചു. കഴിഞ്ഞമാസം കൂടിയ ഗതാഗത അവലോകനയോഗത്തിലുണ്ടായ തീരുമാനങ്ങളാണ് നടപ്പാക്കിത്തുടങ്ങിയത്.
ഒന്നാംഘട്ട പരിഷ്‌കരണനടപടികളുടെ ഭാഗമായി പാര്‍ക്കിങ് നിരോധന അറിയിപ്പുകള്‍ നല്‍കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചു. ചില സ്റ്റോപ്പുകളില്‍ പുനഃക്രമീകരണം നടത്തുകയും ചെയ്തിട്ടുണ്ട്. സ്‌കൂള്‍ മേഖല, വേഗതാനിയന്ത്രണം എന്നിവ സൂചിപ്പിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ അടുത്ത ദിവസങ്ങളില്‍ സ്ഥാപിക്കുമെന്ന് ട്രാഫിക് പരിഷ്‌കരണ ഉപസമിതി ഭാരവാഹികള്‍ പറഞ്ഞു.
ടൗണില്‍ നാല് ട്രാഫിക് വാര്‍ഡന്മാരെ നിയമിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. അടുത്തയാഴ്ചയോടെ ഇവര്‍ സേവനരംഗത്തിറങ്ങും. വണ്‍വേ സംവിധാനം, മറ്റ് പരിഷ്‌കരണനടപടികള്‍ എന്നിവ രണ്ടാംഘട്ടമായി നടക്കും. പുത്തൂരിലെ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഉയര്‍ന്ന പരിഹാരനടപടികളാണ് ഒന്നാംഘട്ടമായി നടപ്പാക്കിത്തുടങ്ങിയത്.