മങ്ങാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദിനിറവില്‍

Posted on: 04 Feb 2012



കൊല്ലം:മങ്ങാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് ആറിന് തുടക്കമാകും. മങ്ങാടിന്റെ വിദ്യാക്ഷേത്രമായ ഈ സ്‌കൂള്‍ 1913-ലാണ് യു.പി.സ്‌കൂളായി ആരംഭിച്ചത്. 61-ല്‍ ഹൈസ്‌കൂളും 98-ല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമായി ഉയര്‍ന്ന ഈ സര്‍ക്കാര്‍ വിദ്യാലയം ഇന്ന് കൊല്ലത്തെ മാതൃകാവിദ്യാലയമാണ്.

ആഘോഷങ്ങളുടെ ഭാഗമായി സാംസ്‌കാരികസമ്മേളനങ്ങള്‍, കാവ്യസന്ധ്യ, വ്യക്തികളെ ആദരിക്കല്‍, ശതവാര്‍ഷിക സ്മാരകനിര്‍മ്മാണം, വിളംബരഘോഷയാത്ര, സെമിനാറുകള്‍, സാഹിത്യക്യാമ്പ്, ശതാബ്ദിശില്പം, കായികമത്സരം, ക്വിസ് മത്സരം, മാജിക് ഷോ, സമൂഹസദ്യ എന്നിവയാണ് ഒരുവര്‍ഷത്തെ പരിപാടികളായി നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ശതാബ്ദിയാഘോഷ കമ്മിറ്റി ചെയര്‍മാനും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും നഗരസഭാ ഡെപ്യൂട്ടി മേയറുമായ അഡ്വ. ജി.ലാലുവാണ് പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചത്.

ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ആറിന് വൈകിട്ട് മൂന്നിന് സ്‌കൂള്‍ അങ്കണത്തില്‍ നിയമസഭ സ്​പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. ആഘോഷത്തിന്റെ ഭാഗമായുള്ള വെബ് സൈറ്റിന്റെ ഉദ്ഘാടനം എന്‍.പീതാംബരക്കുറുപ്പ് എം.പി.യും ലോഗോയുടെ പ്രകാശനം പി.കെ.ഗുരുദാസന്‍ എം.എല്‍.എ.യും നിര്‍വഹിക്കും. വിദ്യാര്‍ഥികള്‍ക്കുള്ള എന്‍ഡോവ്‌മെന്റ് മേയര്‍ പ്രസന്ന ഏണസ്റ്റ് വിതരണം ചെയ്യും. അഡ്വ. ജി.ലാലു ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പൂര്‍വ വിദ്യാര്‍ഥിയും സിനിമ-സീരിയല്‍ നടിയുമായ സൗപര്‍ണിക വിജയ്, ബാലശ്രീ അവാര്‍ഡ് ജേതാവും സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനിയുമായ മാളവിക സൈഗാള്‍ എന്നിവരെ അനുമോദിക്കും. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹണി ബഞ്ചമിന്‍, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്.സുലഭ, കൗണ്‍സിലര്‍ മഞ്ജു അനില്‍, എച്ച്.എസ്.എസ്.വിഭാഗം ആര്‍.ഡി.ഡി. സുബൈര്‍കുട്ടി, ഡി.ഡി.ഇ. രവീന്ദ്രന്‍, ഡി.ഇ.ഒ. റഷീദാമ്മാള്‍, എ.ഇ.ഒ. വിജയന്‍ പിള്ള, പൂര്‍വ വിദ്യാര്‍ഥിസംഘടന കണ്‍വീനര്‍ എസ്.പ്രസന്നന്‍, സ്‌കൂള്‍ ചെയര്‍മാന്‍ അഭിജിത്ത് എന്നിവര്‍ സംസാരിക്കും. ഹെഡ്മിസ്ട്രസ് എ.രതീദേവി റിപ്പോര്‍ട്ട് അവതരിപ്പിക്കും. പ്രിന്‍സിപ്പല്‍ ഉഷാകുമാരി സ്വാഗതവും പി.ടി.എ.പ്രസിഡന്റ് എ.ഡി.അനില്‍കുമാര്‍ നന്ദിയും പറയും.

വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരും അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടാകും.

Tags:   Kollam District News. Kollam Local News. .  കൊല്ലം. . Kerala. കേരളം

More News from Kollam