തെന്മല: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ കോട്ടവാസലിലുള്ള കിണറും വരണ്ടു. ഊറിയിറങ്ങുന്ന വെള്ളം ഇരുസംസ്ഥാനങ്ങളിലുമുള്ളവര്‍ ഒരുമയോടെ പങ്കിട്ടെടുക്കുന്നതിന് സാക്ഷ്യം വഹിക്കുകയാണീ കിണറിപ്പോള്‍.

ദേശീയപാതയ്ക്കരികിലെ കിണര്‍ രാജഭരണകാലത്ത് നിര്‍മിച്ചതാണ്. പില്‍ക്കാലത്ത് മുകള്‍വശം കെട്ടിത്തിരിച്ചു. കിണര്‍ അവസാനിക്കുന്നിടംമുതല്‍ തമിഴ്‌നാട് തുടങ്ങുകയായി. കോട്ടവാസല്‍ കവലയുടെ ഒരുവശം തമിഴ്‌നാട്ടിലാണ്. ഇവിടെയുള്ളവര്‍ വെള്ളമെടുക്കുന്നത് ഈ കിണറ്റില്‍നിന്ന്.

കോട്ടവാസലില്‍ കേരളത്തിന്റെ ഭാഗത്തുള്ളവര്‍ക്കും ആശ്രയം ഇതുതന്നെ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കറുപ്പസ്വാമിക്ഷേത്രത്തിനും വെള്ളം നല്‍കുന്നത് ഈ കിണറാണ്. ഇപ്പോള്‍ അടിത്തട്ട് തെളിഞ്ഞനിലയിലാണ്. എങ്കിലും വളരെക്കുറച്ച് വെള്ളമുണ്ട്.

ഈ വെള്ളം പരസ്​പരം സഹകരിച്ച് ആളുകള്‍ പങ്കിട്ടെടുക്കുന്നത് കൊടിയ വരള്‍ച്ചയിലെ വേറിട്ട കാഴ്ചയാകുന്നു. രാവിലെ വെള്ളമെടുത്താല്‍ വൈകിട്ടാകുമ്പോള്‍ കുറച്ച് വെള്ളം ആയാലായി. എന്നാല്‍ പരിഭവമില്ലാതെ ഉള്ളതുകൊണ്ട് കാര്യങ്ങള്‍ നടത്തുന്നു. ദേശീയപാതയിലൂടെ വരുന്ന വാഹനയാത്രികര്‍ക്കും കാല്‍നടയാത്രികര്‍ക്കും ഈ ഉറവ ആശ്വാസമാകുന്നു.

കോട്ടവാസലില്‍ മറ്റ് കിണറുകളെല്ലാം പൂര്‍ണമായി വരണ്ടു. ഏക ആശ്രയം ഇതുമാത്രം. പൈപ്പുകള്‍ സ്ഥാപിച്ചെങ്കിലും അതില്‍ വെള്ളം വരാറില്ല.

വെള്ളത്തിന്റെ പേരില്‍ തമിഴ്‌നാടും കേരളവും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കെ വരണ്ട കിണറ്റില്‍നിന്നുള്ള വെള്ളം പങ്കുവയ്ക്കല്‍ മാതൃകാപരംതന്നെ.