Butterfliesപുനലൂര്‍: നാട്ടിന്‍പുറങ്ങളില്‍നിന്നു ഓണത്തുമ്പികളും വര്‍ണശലഭങ്ങളും പറന്നകലുന്ന ഈ കാലത്ത് ഒരു ഗ്രാമത്തില്‍ കണ്ണിന് കണിയൊരുക്കി ശലഭശതങ്ങള്‍. പുനലൂര്‍ നഗരസഭയില്‍ ഉള്‍പ്പെട്ട മണിയാര്‍ പൊരിയക്കല്‍ പ്രദേശത്താണിത്. ഇതുവഴി ഒഴുകുന്ന ചെറുതോടിന്റെ കരയിലെ കുറ്റിച്ചെടികളില്‍ നൂറുകണക്കിന് ശലഭങ്ങള്‍ 'ചേക്കേറുന്നത്' കൗതുകത്തോടെ നോക്കിക്കാണുകയാണ് നാട്ടുകാര്‍.

പുനലൂര്‍ പട്ടണത്തില്‍നിന്നു അഞ്ചുകിലോമീറ്റര്‍ അകലെയാണീ വര്‍ണവിസ്മയം. നീലക്കടുവ (ബ്ലൂ ടൈഗര്‍) ഇനത്തില്‍പ്പെട്ട ശലഭങ്ങളാണ് അധികവും ഇവിടെ വിരുന്നെത്തിയിട്ടുള്ളത്. ചെറുസസ്യങ്ങളിലെല്ലാം നിറക്കാഴ്ചയായി ശലഭക്കൂട്ടമുണ്ട്. ശലഭങ്ങളുടെ ദേശാടന സമയമാണിത്.
 
ചെടികളില്‍ പറ്റിപ്പിടിച്ചും ഇളകിപ്പറന്നും ശലഭങ്ങള്‍ പ്രദേശത്ത് നിറയുന്നു. നവംബറോടെ ഇവയുടെ എണ്ണം ഇരട്ടിയിലധികമാകും. ശലഭങ്ങളുടെ പ്രജനനത്തിന്റെ ഭാഗമാണീ സംഗമം. പൂക്കളുടെ പരാഗണത്തിനും ഈ ശലഭസംഗമം സഹായകമാകുന്നു.