കൊട്ടാരക്കര: കിഴക്കേക്കര സെന്റ്‌മേരീസ് സ്‌കൂളിലെ എസ്.പി.സി.യൂണിറ്റിന്റെ നേതൃത്വത്തില്‍ നിര്‍ധന കുടുംബത്തിന് വീടൊരുക്കുന്നു. പട്ടാഴി വടക്കേക്കര മഞ്ചാടിമുക്ക് വട്ടവിളയില്‍ രവിക്കും ഭാര്യ കുഞ്ഞുപെണ്ണിനും വേണ്ടിയാണ് അടച്ചുറപ്പുള്ള വീട് നിര്‍മിക്കുന്നത്.

ചാണകം മെഴുകിയ അരഭിത്തിയും പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച മേല്‍ക്കുരയും മാത്രമുണ്ടായിരുന്ന കുടിലിന് പകരം സുരക്ഷിതമായ വീടൊരുക്കുകയാണ് ഇവര്‍. കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ ജോണ്‍സണ്‍ ജോസഫിന്റെ നേതൃത്വത്തില്‍ 44 കേഡറ്റുകളാണ് വീടുനിര്‍മാണത്തിനായി ശ്രമദാനം നടത്തുന്നത്.

ഡി.ഐ.മാരായ മനോജ്കുമാര്‍, ജിജിമോള്‍, എസ്.പി.സി. പ്രസിഡന്റ് ലക്ഷ്മി ബിജു എന്നിവരും നേതൃത്വം നല്‍കുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. റോയി ജോര്‍ജ് ശ്രമദാനം ഉദ്ഘാടനം ചെയ്തു. പത്തനാപുരം ബ്ലോക്ക് പഞ്ചായത്തംഗം സജീവ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ജോസഫ്കുട്ടി, വിജയന്‍, പ്രഥമാധ്യാപകന്‍ ടി.ഗീവര്‍ഗീസ്, ഫാ. വില്‍സന്‍ ആലുവിള, എം.കെ.ജോസഫ്, സര്‍ജു പ്രസാദ്, പി.രതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.